അടിയെന്നുപറഞ്ഞാ എന്താ അടി,പൊലീസോ ക്വട്ടേഷന്‍ ടീമോ?

ആലപ്പുഴ . നവകേരള സദസ്സിൽ അമ്പലപ്പുഴയിലേക്കുള്ള യാത്രയ്ക്കിടെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെഎസ്‌യു പ്രവർത്തകരെ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ ക്രൂരമായി മർദ്ദിച്ചു. തലക്ക് ഗുരുതരമായി പരിക്കേറ്റ കെ എസ് യു ജില്ലാ പ്രസിഡന്റ് എ ഡി തോമസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമ്പലപ്പുഴയിലെ നവകേരള സദസ്സിലേക്കുള്ള യാത്രയ്ക്കിടെ മുഖ്യമന്ത്രിക്കെതിരെ മുദ്രാവാക്യം വിളിച്ച കെ എസ് യു പ്രവർത്തകരെയാണ് മുഖ്യമന്ത്രിയുടെ ഗൺമാനും അംഗരക്ഷരും ചേർന്നു ക്രൂരമായി മർദ്ദിച്ചത്. പൊലീസ് പിടികൂടി മാറ്റി നിര്‍ത്തിയിരുന്ന യുവാക്കളെ പെട്ടെന്ന് അകമ്പടി വാഹനത്തില്‍ നിന്നും ചാടി എത്തിയ അംഗരക്ഷകര്‍ മുമ്പ് കേട്ടുകേള്‍വിയില്ലാത്തതരത്തിലെ മര്‍ദ്ദനമാണ് നടത്തിയത്. ഇവരുടെ മര്‍ദ്ദനത്തില്‍ ലോക്കല്‍ പൊലീസ് പോലും പകച്ചുപോയി.

തലയിൽ ഉൾപ്പടെ ലാത്തിക്കടിച്ചു വീണു കിടന്നിട്ടും വളഞ്ഞിട്ട് അടിക്കുകയായിരുന്നു. പരിക്കേറ്റ പ്രവർത്തകരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ആലപ്പുഴ കൈതവനയിൽ വച്ച് മുഖ്യമന്ത്രിയുടെ വാഹനം തടയാൻ ശ്രമിക്കുകയും കരിങ്കൊടി കാണിക്കുകയും ചെയ്തു. ഇവരെ പോലീസും ഡിവൈഎഫ്ഐ പ്രവർത്തകരും ചേർന്ന് മർദ്ദിച്ചു

Advertisement