മാറനല്ലൂരിൽ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം നടന്ന സംഭവത്തില്‍ സിപിഎം നേതാവ് അടക്കം പിടിയില്‍

തിരുവനന്തപുരം. മാറനല്ലൂരിൽ വീടിനും വാഹനങ്ങൾക്കും നേരെ ആക്രമണം. സിപിഎം പ്രാദേശിക നേതാവ് ഉൾപ്പെടെ മൂന്നുപേർ അറസ്റ്റിൽ. നാല് കിലോമീറ്റർ ചുറ്റളവിലാണ് 20ലധികം വാഹനങ്ങളും വീടും ആക്രമികൾ അടിച്ചു തകർത്തത്.

സിപിഎം മണ്ണടിക്കോണം ബ്രാഞ്ച് സെക്രട്ടറി അഭിശക്ത്, പാർട്ടി പ്രവർത്തകരായ പ്രദീപ്, വിഷ്ണു എന്നിവരാണ് കേസിൽ അറസ്റ്റിലായത്. ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് മാറനല്ലൂരിലെ നാല് കിലോമീറ്റർ ചുറ്റളവ് കേന്ദ്രീകരിച്ച് പ്രതികൾ അക്രമം അഴിച്ച് വിട്ടത്. മണ്ണടിക്കോണം സ്വദേശിയായ ഐഎൻടിയുസി നേതാവ് കുമാറിന്റെ വീടിനു നേരെയായിരുന്നു ആദ്യം ആക്രമണം. പിന്നാലെ വണ്ടന്നൂർ , പാൽക്കുന്ന്, മേലാരിയോട്, ചെന്നിയോട് മദർ തെരേസ നഗർ തുടങ്ങി 4 കിലോമീറ്ററോളം ചുറ്റളവിൽ റോഡിൽ പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ പ്രതികൾ തല്ലി തകർത്തു. ടിപ്പറും ഓട്ടോറിക്ഷയും കാറുകളും ഉൾപ്പെടെയുള്ളവയാണ് പ്രതികൾ തകർത്തത്.

ഇവർ സഞ്ചരിച്ച സ്വിഫ്റ്റ് കാർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. കേസിൽ പിടിയിലായ മൂന്നു സിപിഐഎം പ്രവർത്തകരെയും പാർട്ടിസംരക്ഷിക്കില്ലെന്ന് സിപിഐഎം ഏരിയ കമ്മിറ്റി അറിയിച്ചു. ആക്രമണത്തിന് പാർട്ടി ബന്ധമില്ലെന്നാണ് പൊലീസിന്റെയും വിശദീകരണം.

Advertisement