കുസാറ്റ് അപകടം മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു

കൊച്ചി. കുസാറ്റിലെ അപകടത്തില്‍ മരിച്ച നാലുപേരെയും തിരിച്ചറിഞ്ഞു .
കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി ,വടക്കന്‍ പരവൂര്‍ സ്വദേശിനി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി ആൻ റുഫ്ത ,താമരശേരി സ്വദേശിനി രണ്ടാംവര്‍ഷ വിദ്യാര്‍ഥിനി സാറാ തോമസ്, ജിതേന്ദ്ര ദാമു എന്നിവരെയാണ് തിരിച്ചറിഞ്ഞത്. രണ്ട് വിദ്യാര്‍ഥിനികളുടെ നില വളരെ ഗുരുതരമാണ്. പരിക്ക് പറ്റിയവർ ആകെ 72,കളമശ്ശേരി 46,കിൻഡറിൽ 25,സൺറൈസ് 1 എന്നിങ്ങനെയാണ് കണക്ക്.

ഗാനമേള നടന്ന ഓഡിറ്റോറിയത്തിന് അകത്തും പുറത്തും വിദ്യാര്‍ത്ഥികളുടെ വലിയ തിരക്കുണ്ടായിരുന്നു. പെട്ടെന്ന് മഴ പെയ്തപ്പോള്‍ ഓഡിറ്റോറിയത്തിന് അകത്തേക്ക് പുറത്തുനിന്നവര്‍ തിക്കി തിരക്കി കയറി. ഇതോടെയാണ് ദാരുണമായ അപകടം ഉണ്ടായത്. തിക്കിലും തിരക്കിലും പെട്ട് വീണ കുട്ടികള്‍ക്ക് ചവിട്ടേറ്റാണ് പരിക്കേറ്റത്. ആശുപത്രിയിലെത്തിച്ചപ്പോള്‍ തന്നെ ഒരാള്‍ മരിച്ചിരുന്നു. മറ്റ് മൂന്ന് പേര്‍ ആശുപത്രിയിലെത്തിയ ഉടനെ മരണമടഞ്ഞു. മൃതദേഹങ്ങള്‍ കളമശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്

ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. നൃത്തം ചെയ്ത് ആഘോഷമായി വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ പരിപാടി ആസ്വദിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായത്. പരിക്കേറ്റവരെല്ലാം വിദ്യാര്‍ത്ഥികളാണെന്നാണ് കരുതുന്നത്. എന്നാല്‍ പൊതുജനങ്ങള്‍ക്കടക്കം ആര്‍ക്കും ഏത് സമയത്തും വരാവുന്ന പ്രദേശമാണ് ഇവിടം.

കളമശ്ശേരി കുസാറ്റ് ക്യാമ്പസിൽ ടെക് ഫെസ്റ്റിന് ഇടെയുണ്ടായ ദുരന്തത്തിൽ നാല് വിദ്യാർത്ഥികൾ മരണമടഞ്ഞതിൽ മന്ത്രിമാർ യോഗം ചേർന്ന് അനുശോചനം രേഖപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ ശനിയാഴ്ച രാത്രി 8:30 നാണ് മന്ത്രിമാരുടെ അടിയന്തരയോഗം ചേർന്നത്.

ദുഃഖ സൂചകമായി ഞായറാഴ്ച നവകേരള സദസ്സോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികളും കലാപരിപാടികളും ഒഴിവാക്കി.

വ്യവസായ മന്ത്രി പി രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവിനെയും കളമശ്ശേരിയിലേക്ക് നിയോഗിച്ചു. അവർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും. ആരോഗ്യമന്ത്രി വീണ ജോർജ് ചികിത്സ ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഏകോപിപ്പിക്കും. പരിക്കേറ്റവർക്ക് ആവശ്യമായ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

Advertisement