സംസ്ഥാനത്ത് ഒറ്റക്കെട്ടായി സമരങ്ങൾക്ക് നേതൃത്വം നൽകും, രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം. സംസ്ഥാനത്തെ യൂത്ത് കോൺഗ്രസിനെ ഇനി രാഹുൽ മാങ്കൂട്ടത്തിൽ നയിക്കും. സംഘടനാ തെരഞ്ഞെടുപ്പിൽ എ ഗ്രൂപ്പിനായി മത്സരിച്ച രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയം വമ്പൻ ഭൂരിപക്ഷത്തോടെ. സംസ്ഥാനത്ത് ഒറ്റക്കെട്ടായി സമരങ്ങൾക്ക് നേതൃത്വം നൽകുമെന്ന് നിയുക്ത സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

മാസങ്ങളോളം നീണ്ട സംഘടനാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ഒടുവിൽ വിരാമം. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി രാഹുൽ മാങ്കൂട്ടത്തിലിൻ്റെ വിജയം 53,398 വോട്ടുകൾക്ക്. 2, 21,986 വോട്ടുകളാണ് രാഹുൽ മാങ്കൂട്ടത്തിൽ നേടിയത്. 1,68,588 വോട്ടുകൾ നേടിയ ഐ ഗ്രൂപ്പിൻ്റെ അബിൻ വർക്കി രണ്ടാം സ്ഥാനത്ത് എത്തി. അബിൻ വർക്കി സംഘടനയുടെ വൈസ് പ്രസിഡൻ്റ് ആവും. 31,930 വോട്ടുമായി അരിതാ ബാബുവാണ് മൂന്നാമത്. 13 പേരാണ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സര രംഗത്ത് ഉണ്ടായിരുന്നത്.

യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ്, ആലപ്പുഴയിൽ പ്രവീൺ പി, ഇടുക്കിയിൽ ഫ്രാൻസിസ് ദേവസ്യ,കണ്ണൂരിൽ വിജിൽ മോഹനൻ,കാസർകോട് കെ ആർ കാർത്തികേയൻ,കൊല്ലത്ത് റിയാസ് മുഹമ്മദ്,

കോട്ടയം ഗൗരീ ശങ്കർ,കോഴിക്കോട് ഷഹിൻ ആർ,മലപ്പുറം ഹാരിസ് മൂതൂർ,പാലക്കാട് ജയഘോഷ് എസ്,പത്തനംതിട്ടയിൽ വിജയ് ഇന്ദുചൂഡൻ,തൃശൂർ ഹരീഷ് മോഹനൻ,തിരുവനന്തപുരം നേമം ഷജീർ,വയനാട് അമൽ ജോയ് എന്നിവര്‍ മുന്നിലെത്തി. എറണാകുളം ഫലം പ്രഖ്യാപിച്ചില്ല.

വിജയികളെ അഭിനന്ദിച്ച പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പോരാളികളുടെ പ്രസ്ഥാനമായി യൂത്ത് കോൺഗ്രസ് മാറും എന്ന പ്രതീക്ഷയും പങ്കുവെച്ചു.7, 29, 626 വോട്ടാണ് സംഘടനാ തെരഞ്ഞെടുപ്പിൽ ആകെ പോൾ ചെയ്തത്. അതിൽ 2,16,462 വോട്ടുകൾ അസാധുവാക്കി. ഈ വോട്ടുകളെ ചൊല്ലി വരും ദിവസങ്ങളിൽ ആക്ഷേപത്തിന് സാധ്യതയുണ്ട്. അഞ്ചുമാസത്തിലധികമായി സംസ്ഥാനത്ത് യൂത്ത് കോൺഗ്രസ് നിർജീവമായിരുന്നു. മെയ് 26ന് ശേഷം യൂത്ത് കോൺഗ്രസിന്റെതായി ഒരു പ്രക്ഷോഭവും നടന്നിട്ടില്ല.

Advertisement