നെടുംകണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി

ഇടുക്കി. നെടുംകണ്ടത്ത് ഭാര്യാപിതാവിനെ മരുമകൻ വെട്ടി കൊലപ്പെടുത്തി. കൗന്തി സ്വദേശി പുതുപ്പറമ്പിൽ ടോമിയാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11 മണിക്കാണ് സംഭവം. മാവടി സ്വദേശി ജോബിൻ തോമസ് ആണ് വീട്ടിൽ കയറി ആക്രമണം നടത്തിയത്. വെട്ടേറ്റ ജോബിന്റെ ഭാര്യ മെഡിക്കൽ കോളേജിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.


കുടുംബ പ്രശ്നത്തെ തുടർന്നുണ്ടായ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം. മദ്യലഹരിയിൽ എത്തിയ ജോബിൻ തോമസ് വീടിന്റെ വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറിയാണ് ടോമിയെയും ടിന്റുവിനെയും ക്രൂരമായി വെട്ടിയത്.

ബഹളം കേട്ടെത്തിയ നാട്ടുകാർ പോലീസിൽ വിവരം അറിയിച്ചു. വെട്ടേറ്റ് കിടന്ന ഇരുവരെയും നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ ആശുപത്രിയിൽ എത്തും മുന്നേ ടോമി മരിച്ചു.

പ്രതി മുമ്പും സമാനമായ രീതിയിൽ ആക്രമണം നടത്തിയതിൽ കേസ് നിലവിലുണ്ട്. അറസ്റ്റ് രേഖപ്പെടുത്തിയ ജോബിനേ കോടതിയിൽ ഹാജരാക്കും.

Advertisement