കാവുകളില്‍ ആരവം,തിറയാട്ടക്കാലത്തിന് തുടക്കം

മലപ്പുറം. ആരവത്തില്‍ കാവുകളുണർന്നു, വടക്കേ മലബാറിലെ തിറയാട്ടക്കാലത്തിന് തുടക്കം . കോഴിക്കോട്, മലപ്പുറം ജില്ലകളിലെ കാവുകളിലാണ് തിറയാട്ടം നടത്തപ്പെടുന്നത്. ഉമിയം കുന്നുമ്മലിലെ തിറയുത്സവമാണ് പഴയ കടത്തനാട് മേഖലയിലെ ആദ്യ ഉത്സവം. ഏറെ പ്രത്യേകതകളുള്ള തിറകൾ കാണാൻ വൻ ജനസഞ്ചയമാണ് ഒത്തുകൂടാറ്.


നൃത്തവും അഭിനയവും മുഖ- മെയ്യെഴുത്തുകളും ആയോധന കലയും ഒത്തുചേരുന്ന ചടുലമായ അനുഷ്ടാന കലാരൂപമാണ് തിറയാട്ടം.
ദേവ പ്രീതിക്കായാണ് കോലം കെട്ടിയാടുന്നത്. വൃക്ഷാരാധന, നാഗാരാധന, പ്രകൃതിആരാധന, വീരാരാധന, മലദൈവസങ്കൽപ്പങ്ങൾ തുടങ്ങി പ്രാചീന ആചാരക്രമങ്ങളാണ് തിറയാട്ടത്തിൽ കണ്ടുവരുന്നത്.

ജാതിവ്യവസ്ഥയും പൗരോഹിത്യവും പ്രബലമായിരുന്ന കാലത്ത് കാവുകളിലെ തിറയാട്ടം അടിയാളവർഗ്ഗത്തിന്റെ സ്വത്വബോധത്തെ ജ്വലിപ്പിച്ചു. ഇതോടെ ആത്‌മാവിഷ്ക്കാരത്തിനും സാമൂഹ്യവിമർശനത്തിനുമുള്ള ഉത്തമ വേദിയായി ഇവ മാറി.

വടകര താലൂക്കിലെ കാക്കുനിയിലാണ് വടക്കൻ മലബാറിലെ ആദ്യ തിറയുത്സവം. വെള്ളാട്ട് നേർച്ചയോടെയായിരുന്നു തുടക്കം . ഗുളികൻ, ചാമുണ്ഡി, പരദേവത തിറകളാണ് ഇവിടത്തെ കെട്ടിയാടുന്നത്. ഉമിയം കുന്നിൽ തുടങ്ങി കടമേരിയിൽ അവസാനിക്കുന്നതാണ് കടത്തനാട്ടിലെ തിറയുത്സവങ്ങൾ .

Advertisement