സിസ തോമസിന്റെ നിയമനം നിയമപരമെന്ന് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

കൊച്ചി: സാങ്കേതിക സർവകലാശാലയുടെ വൈസ് ചാൻസലറായിരുന്ന ഡോ.സിസാ തോമസിനെതിരായ സർക്കാർ അച്ചടക്കനടപടി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സർക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാൻസലറുടെ ചുമതല ഏറ്റെടുത്തെന്നു കാണിച്ച് നൽകിയ കാരണം കാണിക്കൽ നോട്ടിസും റദ്ദാക്കി.

മുൻ വൈസ് ചാൻസലർ രാജശ്രീയുടെ നിയമനം സുപ്രീംകോടതി അസാധുവാക്കിയതിനേത്തുടർന്നാണ് ചാൻസലർ കൂടിയായ ഗവർണർ സിസാ തോമസിനെ താത്കാലിക വൈസ് ചാൻസലറായി നിയമിച്ചത്. ഇതിനെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിച്ചപ്പോൾ നിയമനം നിയമപരമാണെന്ന് കോടതി വിധിച്ചിരുന്നു. അതിനുശേഷമാണ് സർക്കാരിന്റെ അനുമതിയില്ലാതെ വൈസ് ചാൻസലർ സ്ഥാനം ഏറ്റെടുത്തെന്നാരോപിച്ച് സിസയ്ക്ക് കാരണം കാണിക്കൽ നോട്ടിസ് നൽകിയത്.

നോട്ടിസിനെതിരേ സിസാ തോമസ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും നടപടികൾ തുടരാമെന്ന് ട്രൈബ്യൂണൽ ഉത്തരവിട്ടു. തുടർന്ന് ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. സർക്കാർ നൽകിയ കാരണംകാണിക്കൽ നോട്ടിസ് നിയമപരമായി നിലനിൽക്കില്ലെന്നും തെറ്റായി നൽകിയതാണെന്നും ഡിവിഷൻ ബെഞ്ച് കണ്ടെത്തി. സിസയുടെ നിയമനം നിയമപരമാണെന്നും ഹൈക്കോടതി ഉത്തരവിൽ പറയുന്നു.

Advertisement