‘അലവലാതികളോട് സംസാരിക്കാനില്ല’, എസ്.എഫ്.ഐ പ്രവർത്തകരെ അധിക്ഷേപിച്ച് പ്രിൻസിപ്പൽ- വീഡിയോ പുറത്ത്

തിരുവനന്തപുരം: തിരുവനന്തപുരം നഴ്സിങ് കോളജിൽ പ്രിൻസിപ്പലും എസ്.എഫ്.ഐയും തമ്മിൽ വാക്കേറ്റം. വനിത ഹോസ്റ്റലിൽ ക്യാമറ സ്ഥാപിക്കണമെന്നും സെക്യൂരിറ്റി ഒരുക്കണമെന്നുമുള്ള ആവശ്യം പ്രിൻസിപ്പൽ നിരസിച്ചതാണ് വലിയ വാക്കേറ്റത്തിനിടയാക്കിയത്.

വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകരെ ആക്ഷേപിച്ചുകൊണ്ടുള്ള പ്രിൻസിപ്പലിൻറെ പ്രതികരണവും വിവാദമായി. കഴിഞ്ഞ വെള്ളിയാഴ്ച നടന്ന സംഭവത്തിൻറെ വീഡിയോ ദൃശ്യങ്ങളാണിപ്പോൾ പുറത്തുവന്നത്. പ്രിൻസിപ്പലുമായി സംസാരിക്കുന്നതിനിടെ എസ്.എഫ്.ഐ പ്രവർത്തകർ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. നഴ്സിങ് കോളജിലെ വനിത ഹോസ്റ്റലിൽ സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നും ആവശ്യമായ സുരക്ഷ ഒരുക്കണമെന്നുമാവശ്യപ്പെട്ട് എസ്.എഫ്.ഐ പ്രവർത്തകർ പ്രിൻസിപ്പലിനെ സമീപിക്കുകയായിരുന്നു.

ഹോസ്റ്റലിൽ സെക്യൂരിറ്റിയെ ഏർപ്പെടുത്തണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു. എന്നാൽ, ഇക്കാര്യം പ്രിൻസിപ്പൽ നിരസിച്ചതോടെയാണ് വാക്കേറ്റമുണ്ടായത്. നേരത്തെയും എസ്.എഫ്.ഐ പ്രവർത്തകർ ഈ ആവശ്യം ഉന്നയിച്ചപ്പോൾ അനുകൂല മറുപടി ലഭിച്ചിരുന്നില്ല. തുടർന്ന് എസ്.എഫ്.ഐ ജില്ല നേതാക്കൾ ഉൾപ്പെടെ പ്രിൻസിപ്പലിനെ കാണാനെത്തിയിരുന്നു. വാക്കേറ്റത്തിനിടെ എസ്.എഫ്.ഐ പ്രവർത്തകർക്കുനേരെ പ്രിൻസിപ്പൾ രോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിലുണ്ട്. ഞാൻ എന്ന വ്യക്തി കഴിഞ്ഞിട്ടെ എല്ലാമുള്ളുവെന്നും അലവലാതികളോട് സംസാരിക്കാൻ ഇല്ലെന്നുമായിരുന്നു പ്രിൻസിപ്പലിൻറെ പ്രതികരണം. തുടർന്ന് വാക്കേറ്റത്തിനിടെ പൊണ്ണതടിയന്മാർ വന്ന് തന്നെ ആക്രമിക്കാൻ ശ്രമിക്കുന്നുവെന്നും അടിച്ചു ഷേപ്പ് മാറ്റുമെന്നും പ്രിൻസിപ്പൽ അധിക്ഷേപിച്ചതായി എസ്.എഫ്.ഐ പ്രവർത്തകർ ആരോപിച്ചു. മോശം ഭാഷയിൽ സംസാരിച്ച പ്രിൻസിപ്പലിനെ കോളജിൽ തുടരാൻ അനുവദിക്കില്ലെന്ന് പറ‍ഞ്ഞുകൊണ്ടാണ് ഓഫീസിൽനിന്ന് പ്രവർത്തകർ മടങ്ങിയത്.

Advertisement