ഇൻഡി​ഗോ ജീവനക്കാർ ‘മറന്നു പോയി’; പ്രായമായ ദമ്പതികൾ എയർപോർട്ടിൽ കുടുങ്ങിയത് 24 മണിക്കൂർ

ഇസ്താംബൂൾ: ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു എയർപോർട്ടിൽ 24 മണിക്കൂർ ചെലവഴിക്കേണ്ടി വന്നതിന്റെ പേരിൽ ഈ പ്രായമായ ദമ്പതികൾ അനുഭവിക്കേണ്ടി വന്ന യാതനകൾ ചെറുതൊന്നുമല്ല. ഇൻഡി​ഗോ വിമാനത്തിൽ പോകേണ്ടിയിരുന്ന 64 -കാരനായ രാജേഷ് ഷായും ഭാര്യ 59 -കാരി രശ്മി ഷായുമാണ് ജീവനക്കാർ അവരെ ‘മറന്നു പോയതിനാൽ’ 24 മണിക്കൂർ എയർപോർട്ടിൽ കുടുങ്ങിപ്പോയത്.

ദമ്പതികൾക്ക് യാത്ര ചെയ്യേണ്ടിയിരുന്നത് ആദ്യം ലണ്ടനിൽ നിന്നും ഇസ്താംബുളിലേക്കായിരുന്നു. ടർക്കിഷ് എയർലൈൻസിൽ ഇരുവരും ഇസ്താംബുളിൽ എത്തുകയും ചെയ്തു. ഇസ്താംബുളിൽ നിന്നും മുംബൈയിലേക്ക് ഇൻഡി​ഗോ ഫ്ലൈറ്റിലായിരുന്നു വരേണ്ടിയിരുന്നത്. എന്നാൽ, ഇരുവരേയും കൂട്ടാതെ വിമാനം പുറപ്പെടുകയായിരുന്നു. അതോടെ 24 മണിക്കൂർ ഇരുവരും എയർപോർട്ടിൽ കുടുങ്ങി.

എന്താണ് ശരിക്കും സംഭവിച്ചത് എന്നല്ലേ? പലവട്ടം സ്ട്രോക്ക് വരികയും പലതരത്തിലുള്ള സർജറികളിലൂടെ കടന്നു പോവുകയും ചെയ്ത രാജേഷ് ഷാ ഒരു വീൽചെയറിലായിരുന്നു. ഒരുപാട് നടക്കാൻ സാധിക്കില്ല എന്നതിനാൽ തന്നെ രശ്മിയും വീൽചെയർ ഉപയോ​ഗിച്ചിട്ടുണ്ടായിരുന്നു. ഇസ്താംബുളിൽ എത്തിയപ്പോൾ സ്റ്റാഫ് ഇരുവർക്കും മുംബൈയിലേക്കുള്ള വിമാനത്തിൽ കയറുന്നതിന് വേണ്ടിയുള്ള സഹായങ്ങൾ വാ​ഗ്ദാനം ചെയ്തു.

ഇരുവരും തങ്ങളുടെ ബോർഡിം​ഗ് പാസുമായി ബോർഡിം​ഗ് ​ഗേറ്റിൽ ഇരിക്കുക​യും ചെയ്തു. കുറേ നേരം ഇരുന്നിട്ടും ഒന്നും സംഭവിക്കാതെയായപ്പോൾ രശ്മി ഷാ കൗണ്ടറിൽ പോയി സ്റ്റാഫിനോട് വിമാനത്തെ കുറിച്ച് അന്വേഷിച്ചു. ബോർഡിം​ഗ് പാസ് പരിശോധിച്ച ജീവനക്കാരനാവട്ടെ എന്തെങ്കിലും നിർദ്ദേശം കിട്ടുന്നത് വരെ ഇരിക്കുന്നിടത്ത് തന്നെ തുടരാനാണ് ആവശ്യപ്പെട്ടത്. പലവട്ടം അന്വേഷിച്ചപ്പോഴും ഇത് തന്നെയായിരുന്നു സ്ഥിതി. ഒടുവിൽ ജീവനക്കാരൻ പറഞ്ഞത് തന്റെ സൂപ്പർവൈസർ വരുന്നുണ്ട് ആൾ നിങ്ങളോട് സംസാരിക്കും എന്നാണ്. പക്ഷേ, അവസാനം മുംബൈയിലേക്കുള്ള വിമാനം പോയി എന്ന് ഇരുവരോടും ജീവനക്കാരൻ തുറന്ന് പറഞ്ഞു. അതോടെ ദമ്പതികൾ പരിഭ്രാന്തരായി.

എയർപോർ‌ട്ടിലെ ലോക്കൽ സ്റ്റാഫുകളെല്ലാം ടർക്കിഷ് മാത്രം സംസാരിക്കുന്നവരായതിനാൽ തന്നെ ഇരുവരേയും സഹായിക്കാനും കഴിഞ്ഞില്ല. ഒടുവിൽ പരിമിതമായ സാഹചര്യത്തിൽ 24 മണിക്കൂർ ഇരുവരും എയർപോർട്ടിൽ ചെലവഴിച്ചു. ദമ്പതികളുടെ മകൾ റിച്ച പലവട്ടം ഇൻഡി​ഗോ സ്റ്റാഫുകളുമായി ബന്ധപ്പെടാൻ ശ്രമിച്ചു. ഒടുവിൽ, പിറ്റേ ദിവസത്തേക്ക് മുംബൈയിലേക്കുള്ള വിമാനത്തിൽ ബോർഡിം​ഗ് പാസ് നൽകുകയായിരുന്നു.

തങ്ങളുടെ ടർക്കിഷ് ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് സേവനങ്ങളിൽ പിഴവ് സംഭവിച്ചത് ഖേദകരമാണെന്നാണ് ഇൻഡിഗോ ഈ സംഭവത്തെ കുറിച്ച് ഒരു പ്രസ്താവനയിൽ പ്രതികരിച്ചത്.

Advertisement