യുവതിയുടെ വീണ് കിടന്ന സ്കൂട്ടർ ഉയർത്താൻ ശ്രമിച്ചയാൾ സ്കൂട്ടറോടെ വെള്ളം നിറഞ്ഞ പാടത്തേക്ക് !

Advertisement

മറ്റുള്ളവരെ സഹായിക്കാൻ ചെന്ന്, ഒടുവിൽ സ്വയം ‘കുഴിയിൽ വീണ’ അനുഭവങ്ങൾ നമ്മളിൽ പലർക്കുമുണ്ടാകും. ആ സമയത്ത് എന്ത് കാര്യത്തിനാണെന്നോർത്ത് നമ്മൾ സ്വയം ചോദ്യം ചെയ്യുമെങ്കിലും പിന്നീട് ഓർക്കുമ്പോൾ അതൊരു സുഖമുള്ള തമാശയായി അനുഭവപ്പെടും.

ഇത് മറ്റൊരാൾക്കാണ് സംഭവിക്കുന്നതെങ്കിലോ? അത്തരമൊരു വീഡിയോ കഴിഞ്ഞ ദിവസം ട്വിറ്ററിൽ (X)-ൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ സാമൂഹിക മാധ്യമ ഉപയോക്താക്കൾ തലയറിഞ്ഞ് ചിരിച്ചു. Godman Chikna എന്ന എക്സ് ഉപയോക്താവാണ് വീഡിയോ തൻറെ അക്കൗണ്ടിൽ പങ്കുവച്ചത്. സ്കൂട്ടറിൽ നിന്ന് വീണ രണ്ട് പെൺകുട്ടികളെ സഹായിക്കാനായി ഓടിയെത്തിയ ഒരു മനുഷ്യന് സംഭവിച്ചത് കണ്ടാൽ ആരായാലും ഒന്ന് ചിരിച്ച് പോകും.

ഒരു വലിയ ജലാശയത്തിന് സമീപത്തെ റോഡിൽ നിർത്തിയിട്ടിരിക്കുന്ന കാറിൻറെ മുന്നിൽ സ്കൂട്ടറിൽ വന്ന രണ്ട് യുവതികൾ നില തെറ്റി വീഴുന്നിടത്താണ് വീഡിയോ ആരംഭിക്കുന്നത്. പുറകിലിരുന്ന യുവതി ഇറങ്ങുന്നതിന് മുമ്പ് തന്നെ മുന്നിലിരിക്കുന്ന യുവതിയുടെ നിലതെറ്റുകയും സ്കൂട്ടർ മറിയുകയുമായിരുന്നു. പിന്നാലെ പുറകിലിരുന്ന യുവതിയും വീഴുന്നു. ഈ സമയം, യുവതികൾ ആവശ്യപ്പെടാതെ തന്നെ അവർക്ക് പുറകിലെ റോഡിൽ നിന്ന് ഒരാൾ ഓടി വരികയും സ്കൂട്ടർ ഉയർത്താൻ ശ്രമിക്കുകയും ചെയ്യുന്നു. വീണു കിടന്ന യുവതികൾ എഴുന്നേറ്റ് നോക്കുമ്പോൾ കാണുന്നത്, സഹായിക്കാനായി ഓടിവന്ന ആൾ, വീണ് കിടന്ന വണ്ടിയുടെ ആക്സിലേറ്ററിൽ പിടിച്ച് ഉയർത്താൻ ശ്രമിക്കുകയും വണ്ടി ആയാളെയും കൊണ്ട് സമീപത്തെ വിശാലമായ വെള്ളക്കെട്ടിലേക്ക് വീഴുന്നതുമായിരുന്നു. അപ്രതീക്ഷിതമായുണ്ടായ ആ വീഴ്ചയിൽ യുവതികൾ തലയിൽ കൈവച്ച് നിൽക്കുന്നതും കാണാം. ഈ സമയം വീഡിയോ ചിത്രീകരിച്ച സിസിടിവി സ്ഥാപിച്ച കെട്ടിടത്തിൽ നിന്ന് ഒരാൾ ഓടി സ്കൂട്ടർ വീണ വെള്ളം നിറഞ്ഞ പാടത്തേക്ക് പോകുന്നതും വീഡിയോയിൽ കാണാം. വീഡിയോ ഒറ്റ ദിവസം കൊണ്ട് ഏതാണ്ട് എൺപത്തിയൊമ്പതിനായിരത്തോളം പേർ കണ്ടു. നിരവധി പേരാണ് വീഡിയോയ്ക്ക് കുറിപ്പെഴുതാനെത്തിയത്.

വീഡിയോ കണ്ട് നിരവധി പേർ രണ്ട് ചേരിയായി തിരിഞ്ഞു. ഒരു കൂട്ടർ ആരെയെങ്കിലും സഹായിക്കാൻ പോയാൽ സ്വയം പണി വാങ്ങേണ്ടി വരുമെന്ന് എഴുതി. മറ്റ് ചിലർ, സഹായിക്കാൻ ശ്രമിച്ചയാളുടെ മനസിനെ വാഴ്ത്തി. “ആരുടെയെങ്കിലും പ്രശ്‌നത്തിൽ സഹായിക്കുന്നത് എല്ലാവർക്കും കൂടുതൽ പ്രശ്‌നങ്ങൾ സൃഷ്‌ടിച്ചേക്കാം.” എന്നായിരുന്നു ഒരു കാഴ്ചക്കാരനെഴുതിയത്. “വീണ സ്‌കൂട്ടി ഉയർത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും ഇഗ്നീഷ്യൻ ഓഫ് ചെയ്യുക.” എന്ന് മറ്റൊരാൾ ഉപദേശിച്ചു. “ആരെങ്കിലും ഇരിക്കുമ്പോൾ മാത്രം സ്‌കൂട്ടറിൽ ത്രസ്റ്റ് എടുക്കുന്ന ഒരു സവിശേഷത ഉണ്ടായിരിക്കണം,” മറ്റൊരു കാഴ്ചക്കാരൻ നിർദ്ദേശിച്ചു.

Advertisement