സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ സൂചനാ പണിമുടക്ക്, ഒപി പൂർണമായും ബഹിഷ്കരിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടർമാരുടെ 24 മണിക്കൂർ സൂചനാ പണിമുടക്ക്. അത്യാഹിത, ഐസിയു, ലേബർ റൂം വിഭാഗങ്ങളിൽ ഒഴികെ പിജി ഡോക്ടർമാരുടെ സേവനം ഉണ്ടാകില്ല. ഒപി പൂർണമായും ബഹിഷ്കരിക്കും. സ്റ്റൈപൻഡ് വർധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളിൽ നൽകിയ ഉറപ്പ് സർക്കാർ പാലിച്ചില്ലെന്ന് ആരോപിച്ചാണ് പണിമുടക്ക്.

രാവിലെ എട്ടു മുതൽ ശനി രാവിലെ എട്ടു വരെയാണ് സൂചനാ പണിമുടക്കെന്ന് ആരോഗ്യ സർവകലാശാലാ യൂണിയൻ കൗൺസിലർ ഡോ. അനന്ദു അറിയിച്ചു. ഡോ. വന്ദനയുടെ കൊലപാതകത്തെ തുടർന്ന് ഡോക്ടർമാരുടെ പ്രതിനിധികളുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. എല്ലാ വർഷവും നാല് ശതമാനം സ്റ്റൈപ്പൻഡ് വർധന ഉൾപ്പെടെയുള്ള കാര്യങ്ങൾ തീർപ്പാക്കിയതാണ്. 2019 മുതൽ ജൂനിയർ ഡോക്ടർമാർ ആവശ്യങ്ങൾ ഉന്നയിച്ച് സമരം നടത്തിയതാണ്.

കൊവിഡ് സമയത്ത് സേവനം ചെയ്തതിന്റെ പേരിൽ നല്കാമെന്ന് പറഞ്ഞ ആനുകൂല്യങ്ങൾ ഇതുവരെ ലഭിച്ചിട്ടില്ലെന്ന് ആരോഗ്യ സർവകലാശാലാ യൂണിയൻ ആരോപിക്കുന്നു. അത്യാഹിതം, ഐസിയു, ഗൈനക്കോളജി എന്നീ വിഭാഗങ്ങളെ പണിമുടക്കിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. സർക്കാർ അനുകൂല നിലപാട് സ്വീകരിച്ചില്ലെങ്കിൽ ഒക്ടോബറിൽ അനിശ്ചിതകാലസമരം ആരംഭിക്കാനാണ് പിജി ഡോക്ടർമാരുടെ തീരുമാനം.

Advertisement