ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികള്‍ ഇനി ഇക്കാര്യം ശ്രദ്ധിക്കണം

Advertisement

ഊട്ടിയിലേക്കും കൊടൈക്കനാലിലേക്കും പോകുന്ന വിനോദസഞ്ചാരികൾക്ക് ഇ-പാസ് നൽകുന്ന നടപടി മെയ് 7 മുതൽ നടപ്പാക്കാൻ നീലഗിരി, ദിണ്ടിഗൽ ജില്ലാ കളക്ടർമാർക്ക് മദ്രാസ് ഹൈക്കോടതി നിർദേശം നൽകി. പരിസ്ഥിതി സംരക്ഷണ കേസുകൾ പരിഗണിച്ച ജസ്റ്റിസുമാരായ സതീഷ് കുമാർ, ഭരത ചക്രവർത്തി എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്. ഊട്ടിയിൽ പ്രതിദിനം 1,300 വാനുകൾ ഉൾപ്പെടെ 20,000 വാഹനങ്ങൾ എത്തുന്നുണ്ടെന്ന് സർക്കാർ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ഇത്രയധികം വാഹനങ്ങൾ പോയാൽ സ്ഥിതി കൂടുതൽ വഷളാകുമെന്നും, പ്രദേശവാസികൾക്ക് സഞ്ചരിക്കാൻ കഴിയാതെ വരുമെന്നും പരിസ്ഥിതിയെയും മൃഗങ്ങളെയും ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് കോടതി നടപടി.

മെയ് 7 മുതൽ ജൂൺ 30 വരെ ഊട്ടിയിലും കൊടൈക്കനാലിലും കൊവിഡ് കാലഘട്ടത്തിൽ പിന്തുടർന്നിരുന്ന ഇ-പാസ് നടപടിക്രമം നടപ്പിലാക്കാനാണ് കോടതി നിർദേശം നൽകിയത്. ഇ-പാസുള്ള വാഹനങ്ങൾ മാത്രമേ ഇനി അനുവദിക്കാവൂവെന്നും, ഇതിൽ പ്രദേശവാസികളെ ഒഴിവാക്കണമെന്നും കോടതി നിർദേശിച്ചു. ഇ-പാസ് നടപടിക്രമങ്ങൾ സംബന്ധിച്ച് വിശദമായ പരസ്യങ്ങൾ നൽകണമെന്നും ഇ-പാസ് നൽകുന്നതിന് ആവശ്യമായ വിവര സാങ്കേതിക സഹായം തമിഴ്‌നാട് സർക്കാർ നൽകണമെന്നും മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു.

Advertisement