പി എസ് സിയുടെ പേരില്‍ നിയമനത്തട്ടിപ്പ് നടത്തിയ പ്രതികളിലൊരാള്‍ അറസ്റ്റില്‍

Advertisement

തിരുവനന്തപുരം . പി എസ് സിയുടെ പേരില്‍ നിയമനത്തട്ടിപ്പ് നടത്തിയ പ്രതികളിലൊരാള്‍ അറസ്റ്റില്‍. തൃശ്ശൂര്‍ ആമ്പല്ലൂര്‍ സ്വദേശി രശ്മിയാണ് പിടിയിലായത്. ഇവര്‍ പൊലീസില്‍ കീഴടങ്ങുകയായിരുന്നു. രശ്മിയുടെ നേതൃത്വത്തിലാണ് ഉദ്യോഗാര്‍ഥികളില്‍ നിന്നും പണം പിരിച്ചത്. മുഖ്യ പ്രതി രാജലക്ഷ്മിക്കായുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

ടൂറിസം, വിജിലന്‍സ്, ഇന്‍കംടാക്‌സ് എന്നീ ഡിപ്പാര്‍ട്ടുമെന്റുകളില്‍ ക്ലര്‍ക്കായി നിയമം ലഭിച്ചുവെന്ന് വ്യാജ രേഖയുണ്ടാക്കിയാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. 2 മുതല്‍ 4.5 ലക്ഷം രൂപ വരെ ഇവര്‍ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും തട്ടിയെടുത്തിരുന്നു. തട്ടിപ്പ് നടത്താനായി പ്രതികള്‍ പ്രത്യേക വാട്‌സ് ആപ് ഗ്രൂപ്പ് ഉണ്ടാക്കുകയായിരുന്നു.84 അംഗങ്ങളായിരുന്നു ഈ ഗ്രൂപ്പില്‍ ഉണ്ടായിരുന്നത്. ഉദ്യോഗാര്‍ത്ഥികളുടെ വിശ്വാസ്യത നേടിയെടുത്ത ശേഷമായിരുന്നു ഇവര്‍ പണം ആവശ്യപ്പെട്ടത്.

ഓണ്‍ലൈനായിട്ടാണ് പലരും പണം കൈമാറിയിരിക്കുന്നത്. നിയമന ഉത്തരവുമായി വകുപ്പുകളില്‍ ചെന്നപ്പോഴാണ് വലിയ തട്ടിപ്പിനാണ് ഇരയായതെന്ന് പറ്റിക്കപ്പെട്ടവര്‍ തിരിച്ചറിഞ്ഞത്. തുടര്‍ന്ന് ഇവര്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. 15 പേരാണ് നിലവില്‍ പരാതി നല്‍കിയിരിക്കുന്നത്. മറ്റ് പലര്‍ക്കും പണം നഷ്ടപ്പെട്ടിട്ടുണ്ടെന്നാണ് വിവരം. എന്നാല്‍ മാനഹാനി ഭയന്ന് പലരും പണം നഷ്ടപ്പെട്ട വിവരം പുറത്തുപറയാന്‍ തയ്യാറായിട്ടില്ല. മാത്രമല്ല തട്ടിപ്പിന്റെ വിവരങ്ങള്‍ പുറത്തായതോടെ ഗ്രൂപ്പുകളില്‍ നിന്ന് സ്വയം പുറത്താവുകയും ചെയ്തു. ചിലരെ അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ടെങ്കിലും ഇവര്‍ വിവരങ്ങള്‍ മറച്ച് വെയ്ക്കുകയാണെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

വ്യാജ നിയമന ഉത്തരവുമായി മൂന്ന് പേര്‍ പി എസ് സി ആസ്ഥാനത്ത് എത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. ടൂറിസം, വിജിലന്‍സ്, ഇന്‍കംടാക്‌സ് എന്നിടങ്ങളില്‍ ക്ലര്‍ക്കായി നിയമം ലഭിച്ചുവെന്നായിരുന്നു വ്യാജ രേഖ. പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്ക് അസ്വാഭാവികത തോന്നി. കൂടുതല്‍ അന്വേഷിച്ചപ്പോഴാണ് തട്ടിപ്പിന്റെ കഥകള്‍ മുഴുവന്‍ പുറത്തായത്. രേഖയില്‍ ഒരു ബോര്‍ഡ് അംഗത്തിന്റെ പേരിലാണ് ഒപ്പിട്ടിരുന്നത്. ഇത്തരമൊരു നിയമന കത്ത് അയച്ചിട്ടില്ലെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥര്‍ പി എസ് സി സെക്രട്ടറിയെ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ മെഡിക്കല്‍ കോളജ് പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ പ്രത്യേക ടീമാണ് കേസ് അന്വേഷിച്ചത്. പ്രതികളായ ആര്‍ രാജലക്ഷ്മി, വാവ അടൂര്‍ എന്നിവര്‍ക്കെതിരെ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

Advertisement