ഏഴ് ലക്ഷം 70ലക്ഷമായി,തൃക്കാക്കര നഗരസഭയിൽ കരാറുകാരന്റെ തിരിമറി

കൊച്ചി. തൃക്കാക്കര നഗരസഭയിൽ ഉദ്യോഗസ്ഥരെ പറ്റിക്കാൻ കരാറുകാരന്റെ തിരിമറി. 7 ലക്ഷം രൂപയുടെ റോഡ് പണിയുടെ ബില്ലാണ് കരാറുകാരൻ 70 ലക്ഷം രൂപയാക്കി തിരുത്തിയത്. 1.20 ലക്ഷം രൂപയുടെ ബില്ല് 12 ലക്ഷമാക്കിയും കരാറുകാരൻ ഇബ്രാഹിം തിരിമറി നടത്തി. നഗരസഭയിലെ  എഞ്ചിനിയറിങ് വിഭാഗത്തിലെ താത്കാലിക ജീവനക്കാരുടെ സഹായവും കരാറുകാരന് ലഭിച്ചിട്ടുണ്ടെന്നാണ് ആരോപണം. സംഭവത്തിൽ നഗരസഭാ സെക്രട്ടറി പോലീസിൽ പരാതി നൽകി. കരാറുകാരാണ് നഗര സഭയിൽ ഭരണം നടത്തുന്നതെന്ന് ആരോപിച്ച്  പ്രതിപക്ഷം പ്രതിഷേധം നടന്നു

തൃക്കാക്കര നഗരസഭയിലെ  അത്താണി വാർഡിലെ ശ്മശാനം റോഡ്, പാലച്ചുവട് വാർഡിലെ മണ്ണാടി റോഡ് എന്നിവയുടെ നിർമ്മാണം നടത്തിയ കരാറുകാരനായ ഇബ്രാഹിമാണ് അന്തിമ ബില്ലിൽ വൻ തിരിമറി നടത്തിയത്.  ഇന്നലെ രാവിലെ ഫൈനൽ ബിൽ തയ്യാറാക്കിയ ക്ലർക്കാണ് തിരിമറി കണ്ടുപിടിച്ചത്. 7 ലക്ഷം രൂപയുടെ ബില്ല് ആദ്യം ഏഴുകോടിയായും, പിന്നീട് 70 ലക്ഷം രൂപയുമായാണ് തിരുത്തിയത്. ഇതോടെ കരാറുകാരന്റെ മറ്റ് ബില്ലുകൾ പരിശോധിച്ചപ്പോഴാണ് 1.20 ലക്ഷം രൂപയുടെ ബില്ല് 12 ലക്ഷം രൂപയാക്കിയതും കണ്ടെത്തിയത്.  നേരത്തെ ഇതെ ബില്ലുകളിലെ യഥാർഥ തുക കെ സ്മാർട്ടിൽ അപ്ലോഡ് ചെയ്തിരുന്നു. ഇതാണ് അന്തിമബില്ലിൽ കരാറുകാരൻ നടത്തിയ തട്ടിപ്പ് കണ്ടുപിടിക്കാൻ സഹായിച്ചത്. ഇതോടെ കരാറുകാരനായ ഇബ്രാഹിമിനെതിരെ നഗരസഭാ സെക്രട്ടറി തൃക്കാക്കര പോലീസിൽ പരാതി നൽകി. അതെ സമയം നഗരസഭയിൽ കരാറുകാരാണ് ഭരണം നടത്തുന്നതെന്ന് ആരോപിച്ച്  ഇടതുപക്ഷ കൌൺസിലർമാർ സെക്രട്ടറിയെ ഉപരോധിക്കുകയും ചെയ്തു

Advertisement