മന്ത്രിസഭാ പുന:സംഘടനക്കൊരുങ്ങി ഇടത് മുന്നണി; ഊഹാപോഹങ്ങൾ മാത്രമെന്ന് മന്ത്രി ആൻ്റണി രാജു

സ്റ്റീഫന്‍

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ മന്ത്രിസഭ ഉടൻ പുന:സംഘടിപ്പിക്കാനൊരുങ്ങി ഇടത് മുന്നണി. മന്ത്രിസഭാ രൂപീകരണ വേളയിലെ മുൻ ധാരണപ്രകാരം ഗതാഗത മന്ത്രി ആൻ്റണി രാജുവും തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിലും രണ്ടര വർഷം ആകുമ്പോൾ ഒഴിയണം.അതിനുള്ള സമയം അടുത്തതിനാൽ ഇരുവർക്കും പകരക്കാരായി കെ.ബി. ഗണേഷ് കുമാറും, രാമചന്ദ്രൻ കടന്നപ്പള്ളിയും മന്ത്രിമാരാകാനാണ് മുൻ ധാരണ.എന്നാൽ ഇപ്പോ ഴെത്തെ സാഹചര്യത്തിൽ കെ ബി ഗണേഷ് കുമാർ മന്ത്രിയാകുന്നതിനോട് സി പി എമ്മിൽ തന്നെ അഭിപ്രായ ഐക്യമില്ല. അടുത്ത ദിവസങ്ങളിൽ ഉയർന്ന വന്ന സോളാർ വിവാദങ്ങളിലും ഗണേഷിൻ്റെ പേര് വലിച്ചിഴക്കപ്പെട്ടു.എസ് എൻ ഡി പി നേതാവ് വെള്ളാപ്പള്ളി നടേശൻ ഗണേഷിനെ മന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കരുതെന്ന് പരസ്യമായി നിലപാടെടുത്തു.ഗണേഷ് കുമാറിൻ്റെ സഹോദരിയും മന്ത്രി സ്ഥാനം നൽകരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.

പുന:സംഘടനയുണ്ടായാൽ നിലവിലെ ആരോഗ്യ മന്ത്രി വീണാ ജോർജിനെ സ്പീക്കറാക്കി പകരം സ്പീക്കർ എ എം ഷംസീറിനെ ആരോഗ്യ മന്ത്രിയാക്കാനുള്ള സാധ്യതതയും നിലവിലുണ്ട്. ധനമന്ത്രി കെ എൻ ബാലഗോപാലിന് പകരം മന്ത്രി വ്യവസായ വകുപ്പ് മന്ത്രി പി.രാജീവിനെ ധനമന്ത്രി സ്ഥാനത്തേക്കും പരിഗണിക്കാൻ സാധ്യതയുണ്ട്.നിലവിലെ മന്ത്രി സഭയിൽ വേണ്ടത്ര തിളങ്ങാൻ ബാലഗോപാലിനും, വീണാ ജോർജിനും കഴിഞ്ഞിട്ടില്ലന്ന പൊതു വിമർശനവും നിലവിലുണ്ട്.
എന്നാൽ മന്ത്രിസഭാ പുന:സംഘടനയെന്ന വാർത്തകൾ സത്യത്തിന് നിരക്കാത്തതാണെന്നും ഇങ്ങനെ ഒരു ചർച്ച മുന്നണിയിൽ നടന്നിട്ടില്ലെന്നും ഗതാഗത മന്ത്രി ആൻ്റണി രാജു മാധ്യമങ്ങളോട് പറഞ്ഞു. ഇതെല്ലാം ഊഹാപോഹങ്ങൾ മാത്രമാണ്. മന്ത്രി സ്ഥാനത്ത് തുടരണമോ എന്ന കാര്യത്തിൽ മുന്നണി എടുക്കുന്ന തീരുമാനങ്ങൾ അനുസരിക്കും. അതിന് സമയമായിട്ടില്ല. സമയം വരുമ്പോൾ അപ്പോഴെത്തെ രാഷ്ട്രീയ സാഹചര്യമനുസരിച്ച് തീരുമാനങ്ങൾ ഉണ്ടാകും.മന്ത്രി സ്ഥാനം വേണ്ടെന്ന് പറഞ്ഞയാളാണ് ഞാൻ. എം എൽ എ ആയി മണ്ഡലത്തിൻ്റെ മുഴുവൻ സമയ പ്രവർത്തനങ്ങളിൽ ബന്ധപ്പെടുന്നതാണ് തനിക്ക് താല്പര്യമെന്നും മന്ത്രി പറഞ്ഞു.

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിലുണ്ടായ കനത്ത തോൽവിയുടെ പ്രധാന കാരണങ്ങളിൽ ഒന്ന് ഭരണവിരുദ്ധ വികാരമാണന്ന് പൊതുവായി വിലയിരുത്തപ്പെട്ട ഒരു കാര്യമാണ്. അതു കൊണ്ട് മുഖം മിനുക്കി ജനക്ഷേമ പരിപാടികളുമായി മുന്നേട്ട് പോകാനാണ് ഇടത് മുന്നണി ആഗ്രഹിക്കുന്നത്. ഇപ്പോഴെ നിലയിൽ മുന്നോട്ട് പോയാൽ അടുത്ത പൊതു തെരഞ്ഞടുപ്പിലും കനത്ത തോൽവി സംഭവിക്കുമെന്ന കണക്ക് കൂട്ടലും ഉണ്ട്.

Advertisement