സോളാർ കേസിന്റെ രക്തത്തിൽ ഇടതുപക്ഷത്തിന് പങ്കില്ല; ഇത് കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്തെന്ന് കെ ടി ജലീൽ

oതിരുവനന്തപുരം:സോളാർ കേസിന്റെ രക്തത്തിൽ ഇടതുപക്ഷത്തിന് പങ്കില്ലെന്ന് കെടി ജലീൽ എംഎൽഎ. സോളാർ കേസ് സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു ജലീൽ. ഈ രക്തത്തിൽ നിങ്ങൾക്കാണ് പങ്ക്. ഗ്രൂപ്പിസത്തെ തുടർന്ന് ആളുകളെ രാഷ്ട്രീയ ഉന്മൂലനം ചെയ്യാൻ വേണ്ടി, മരിച്ചാൽ പോലും നിങ്ങൾ അവരെ വെറുതെ വിടില്ലെന്നതിന്റെ തെളിവാണ് ഇന്നത്തെ ഈ ചർച്ചയെന്നും ജലീൽ പറഞ്ഞു

കേരളാ രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ പല വിവാദങ്ങളുടെയും അടിവേരുകൾ ചികഞ്ഞാൽ നാം എത്തുക കോൺഗ്രസ് ഗ്രൂപ്പ് വഴക്കിലാണ്. കെ കരുണാകരനെ മുഖ്യമന്ത്രിസ്ഥാനത്ത് നിന്നും തെറിപ്പിക്കാനാണ് ഐഎസ്ആർഒ ചാരക്കേസ് കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്തത്. അതിന് ശേഷം കോൺഗ്രസുകാർ ഉണ്ടാക്കിയെടുത്ത മറ്റൊരു പ്രമാദമായ വിവാദമാണ് സോളാർ കേസ്.

ഒരാളെ വ്യക്തിഹത്യ നടത്തി രാഷ്ട്രീയത്തിൽ നിന്ന് നിഷ്‌കാസിതമാക്കുന്ന രീതിയോട് ഒരിക്കലും യോജിക്കാത്തവരാണ് ഇടതുപക്ഷം. അത്തരം സമീപനങ്ങളെ നിശിതമായി എതിർക്കുന്നയാളാണ് കേരളത്തിന്റെ ഇപ്പോഴത്തെ മുഖ്യമന്ത്രി പിണറായി വിജയൻ. ഇപ്പോൾ പുറത്തുവന്ന സിബിഐ റിപ്പോർട്ടിൽ എവിടെയെങ്കിലും കേസിൽ ഇടതുപക്ഷത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് ഗൂഢാലോചനയെ കുറിച്ച് ഒരു വാക്കെങ്കിലും പറയുന്നുണ്ടോ. ഉണ്ടെങ്കിൽ ആ വാചകങ്ങൾ ഒന്നുദ്ധരിക്കൂ. അറിയാൻ വേണ്ടിയാണെന്നും ജലീൽ പറഞ്ഞു.

Advertisement