വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം, നഷ്ടപരിഹാരം തേടി ഹർഷിന കോടതിയിലേക്ക്

കോഴിക്കോട്. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരം തേടി
കെ കെ ഹർഷിന കോടതിയിലേക്ക് . വിദഗ്ധരുമായി കൂടിയാലോചിച്ച് നിയമ നടപടി സ്വീകരിക്കാനാണ് തീരുമാനം . അതേസമയം,കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് പ്രതി ചേർത്തതോടെ, ആരോഗ്യ പ്രവർത്തകർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു.

കോഴിക്കോട് മെഡിക്കൽ കോളജിൽ നടന്ന പ്രസവ ശസ്ത്ര ക്രിയക്കിടെയാണ് ഹർഷിനയുടെ
വയറ്റിൽ കത്രിക കുടുങ്ങിയതെന്ന് കണ്ടെത്തിയ പൊലീസ്,
രണ്ടു ഡോക്ടർമാരെയും രണ്ടു നഴ്സുമാരെയും പ്രതികളാക്കിയാണ് കഴിഞ്ഞ ദിവസം കുന്നമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചത്. മെഡിക്കൽ നെഗ്ലിജൻസ്
ആക്ട് പ്രകാരം റജിസ്റ്റർ ചെയ്ത കേസിൽ അസിസ്റ്റന്റ് പ്രഫസർ ഡോ. സി കെ രമേശൻ , പി ജി ഡോക്ടറായിരുന്ന . എം ഷഹന , നഴ്സുമാരായ എം രഹന , കെ ജി മഞ്ചു എന്നിവരാണ് പ്രതികൾ . പൊലീസിന്റെ ഈ റിപ്പോർട്ടിനെ ആധാരമാക്കിയാണ് ഹർഷിനയുടെ തുടർ നടപടി.

പൊലീസ് പ്രതികളെ കണ്ടെത്തിയ സാഹചര്യത്തിൽ മെഡിക്കൽ കോളേജിന് മുന്നിൽ ഹർഷിന നടത്തുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം ഇന്ന് അവസാനിപ്പിച്ചേക്കും. തീരുമാനം ഉച്ചയ്ക്ക് സമരപ്പന്തലിൽ പ്രഖ്യാപിക്കാനാണ് സമര സമിതിയുടെ തീരുമാനം.
പൊലീസ്
അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചതോടെ ആരോഗ്യ പ്രവർത്തകരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, പൊലീസ് നീക്കം മുന്നിൽക്കണ്ട് ആരോഗ്യപ്രവർത്തകർ മുൻകൂർ ജാമ്യത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ഇതിനായി നിയമോപദേശം തേടിയിട്ടുണ്ട്.
ആരോഗ്യപ്രവർത്തകരെ പ്രതിചേർത്ത പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ആരോഗ്യമേഖലയിലെ വിവിധ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

Advertisement