വിമർശനത്തിൽ ഉറച്ചു ജയസൂര്യ,പിന്നിലുറച്ച് കര്‍ഷകര്‍,മുതലക്കണ്ണീരെന്ന് എഐവൈഎഫ്

കൊച്ചി . മന്ത്രിമാർ വേദിയിലിരിക്കെ സംസ്ഥാന സർക്കാരിനെതിരെ നടൻ ജയസൂര്യ ഉയർത്തിയ വിമർശനങ്ങളിൽ വാദപ്രതിവാദങ്ങൾ തുടരുന്നു. വിമർശനത്തിൽ ഉറച്ചു നിൽക്കുന്നു എന്ന് നടൻ ജയസൂര്യ പറഞ്ഞു. ജയസൂര്യക്ക് പിന്തുണയുമായി കർഷകനും നടനുമായ കൃഷ്ണപ്രസാദും കെ മുരളീധരൻ എംപിയും പാലക്കാട്ടെ കർഷകരും രംഗത്തെത്തി. അതേസമയം പുതിയ സിനിമയുടെ പ്രമോഷനു വേണ്ടിയുള്ള മുതലക്കണ്ണീരാണ് കർഷക സ്നേഹമെന്ന് എഐവൈഎഫ് കുറ്റപ്പെടുത്തി.

കാർഷികോത്സവ വേദിയിൽ മന്ത്രിമാർ ഇരിക്കെ ഉയർത്തിയ വിമർശനങ്ങളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് നടൻ ജയസൂര്യ. ആറുമാസം മുൻപ് ശേഖരിച്ച നെല്ലിന്റെ വില കർഷകർക്ക് ലഭിക്കാത്തത് അനീതിയല്ലേഎന്നും കൃഷിമന്ത്രിയെ പരിപാടിയിൽ കണ്ടപ്പോഴാണ് തനിക്കറിയാവുന്ന കർഷകരുടെ പ്രതിസന്ധികൾ ഉന്നയിച്ചതെന്നും ജയസൂര്യ പറഞ്ഞു. തനിക്ക് ഇടത് വലത് ബിജെപി രാഷ്ട്രീയവുമായി ഒരു ബന്ധവുമില്ല. കളമശ്ശേരിയിലെ പരിപാടിക്ക് വിളിച്ചത് മന്ത്രി പി രാജീവാണ്. സമൂഹ മാധ്യമങ്ങളിലെ ചർച്ച കാര്യമാക്കുന്നില്ലെന്നും പരസ്യ പ്രതികരണത്തിനില്ലെന്നും ജയസൂര്യ വ്യക്തമാക്കി. അതേസമയം തന്റെ പേര് പരാമർശിച്ച് ജയസൂര്യ നടത്തിയ പ്രതികരണം മുഴുവൻ കർഷകർക്കും വേണ്ടിയെന്ന് നടനും കർഷകനുമായ കൃഷ്ണപ്രസാദ് പ്രതികരിച്ചു. തനിയ്ക്ക് പണം തന്നത് വായ്പയായാണ്. അതെങ്ങനെ നെല്ലിന്‍റെ പണമാകും. പണം ബാങ്കിലെത്തിയില്ലെങ്കില്‍ കര്‍ഷകന്‍ പ്രതിസന്ധിയിലാകും

ജയസൂര്യ പറഞ്ഞത് കർഷകരുടെ വികാരമെന്നും അപ്രിയ സത്യം തുറന്നു പറഞ്ഞതിന് പിന്തുണ നൽകുന്നുവെന്നും കെ മുരളീധരൻ എംപി.

അവസരം കിട്ടിയപ്പോൾ കർഷകന്റെ അവസ്ഥ തുറന്ന് കാട്ടുകയാണ് ജയസൂര്യ ചെയ്തതെന്നും അഭിനയിക്കുന്നത് കൃഷി മന്ത്രിയെന്നും കർഷർ ആരോപിച്ചു

ജയസൂര്യയ്ക്ക് പിന്തുണയുമായി പ്രതിപക്ഷ മെത്തുമ്പോൾ ഇടത് അനുകൂല സംഘടനകൾ പ്രതിരോധവുമായി രംഗത്തെത്തുന്നുണ്ട്. നെല്ലിന്റെ സംഭരണവില നല്കാത്ത കേന്ദ്ര സർക്കാരിനെ വിമർശിക്കാത്തത് ഭീരുത്വമെന്നും വസ്തുതകൾ മനസിലാക്കാതെ സിനിമയിലെ പോലെ കയ്യടി കിട്ടാൻ എന്തും വിളിച്ച് പറയുന്നത് ശരിയല്ലെന്നും എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ പ്രസ്താവനയിലൂടെ അറിയിച്ചു.

Advertisement