596 പവൻ എവിടെ,മന്ത്രവാദിനിക്ക് പങ്കുണ്ടോ,പ്രവാസി വ്യവസായിയുടെ മരണത്തില്‍ കേസ് ക്രൈംബ്രാഞ്ചിന് കൈമാറണം

കാസർഗോഡ്.ദുരൂഹത ഒഴിയാതെ കാസർഗോഡ് പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ മരണം. കേസ് ക്രൈംബ്രാഞ്ചിന് കൈമാറണമെന്നാണ് കുടുംബത്തിന്റെയും,ആക്ഷൻ കമ്മിറ്റിയുടെയും ആവശ്യം. അബ്‍ദുൾ ഗഫൂർ ഹാജിയുടെ മരണത്തിന് പിന്നാലെ 596 പവൻ സ്വർണം നഷ്ടമായെന്നായിരുന്നു ബന്ധുക്കളുടെ പരാതി


പ്രവാസി വ്യവസായി അബ്ദുൾ ഗഫൂർ ഹാജിയെ എപ്രിൽ 14ന് പുലർച്ചെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്വഭാവിക മരണമെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ ഗഫൂർ ഹാജി ബന്ധുക്കളിൽ നിന്ന് ശേഖരിച്ച 596 പവൻ സ്വർണം നഷ്ടമായെന്ന പരാതിയുമായി കുടുംബം രംഗത്തെത്തി. കൊലപാതകമാണെന്ന സംശയം പ്രകടിപ്പിച്ചു. പൊലീസിന്റെ അന്വേഷണത്തിലും ചില അസ്വാഭിവികത കണ്ടെത്തി. പിന്നാലെ മൃതദേഹം റീപോസ്റ്റ്‌മോർട്ടം ചെയ്തു. മന്ത്രവാദത്തിലൂടെ സ്വർണം ഇരട്ടിപ്പിക്കാനാകുമെന്ന വാഗ്ദാനവുമായി ഒരു യുവതിയും , ഭർത്താവും ഗഫൂർ ഹാജിയെ സമീപിച്ചിരുന്നുവെന്ന് ബന്ധുക്കൾ. മരണത്തിൽ അവർക്ക് പങ്കുണ്ടെന്നുമാണ് കുടുംബത്തിന്റെ ആരോപണം.

ആരോപണ വിധേയരായ മന്ത്രവാദിനിയെ കേന്ദ്രീകരിച്ചായി പിന്നീട് പൊലീസിന്റെ അന്വേഷണം. എന്നാൽ കേസിന് യാതൊരു പുരോഗതിയും ഉണ്ടായില്ല. തുടർന്ന് ഇവരെ നുണപരിശോധന നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. എന്നാൽ നുണപരിശോധനയ്ക്ക് തയ്യാറല്ലെന്ന് യുവതിയും, ഭർത്താവും കോടതിയെ അറിയിച്ചു. കേസിൽ ശാസ്ത്രീയമായ അന്വേഷണം നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം. ക്രൈംബ്രാഞ്ച് അന്വേഷണത്തിനായി ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകാൻ ഒരുങ്ങുകയാണ് ആക്ഷൻ കമ്മിറ്റിയും

Advertisement