കാറിനുനേരെ ഒറ്റയാന്‍റെ ആക്രമണം, അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Advertisement

അട്ടപ്പാടി. കാറിനുനേരെ ഒറ്റയാന്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചംഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

ഇന്നലെ രാത്രി അട്ടപ്പാടിയില്‍ നടന്ന സംഭവത്തില്‍ കാട്ടാന കുടുംബം അകത്തിരിക്കുന്ന നിലയില്‍ കാര്‍ മൂന്ന് തവണ കൊമ്ബില്‍ ഉയര്‍ത്തി നിര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

അട്ടപ്പാടി ആനക്കല്‍ സ്വദേശി ശിവകുമാറിന്റെ കുടുംബവുമാണ് മരണത്തെ മുഖാമുഖം കണ്ടത്. കാറില്‍ 80 കാരിയായ വൃദ്ധമാതാവും കുട്ടികളും അടക്കം കാറില്‍ ഉണ്ടായിരുന്നു. കാറിനുള്ളില്‍ നിന്നും ഉച്ചത്തിലുള്ള കൂട്ട നിലവിളി ഉണ്ടായതോടെ കാട്ടാന കാര്‍ താഴെയിട്ട് അടുത്തുള്ള പുഴയിലേക്ക് ഇറങ്ങിപ്പോയി. ആന കാടുകയറി എന്ന് ഉറപ്പായ ശേഷമാണ് കുടുംബം വാഹനത്തില്‍ നിന്നിറങ്ങിയത്.

ഇന്നലെ രാത്രി 7.30 യോടെ കുടുംബം സഞ്ചരിച്ച കാര്‍ ചീരകടവ് റോഡിലൂടെ പോകുമ്‌ബോള്‍ ഒറ്റയാന്‍ കാറിന് മുന്നിലേക്ക് പെട്ടെന്ന് വന്നു കയറുകയായിരുന്നു. കാറില്‍ ആന കുത്തിയതിന്റെ അനേകം പാടുകളുണ്ട്. ഈ പാതയില്‍ കാട്ടാനകളുടെ ആക്രമണം പതിവായതോടെ നാട്ടുകാര്‍ ഭീതിയിലാണ്. വൈകിട്ട് ആറു മണിക്ക് ശേഷം ആള്‍ക്കാര്‍ പുറത്തിറങ്ങാറില്ല. അത്യാവശ്യ ഘട്ടങ്ങളില്‍ ഒഴികേ ഇതിലേയുള്ള സഞ്ചാരം പോലും ആരും നടത്താറില്ല. അത്യാവശ്യം ഉണ്ടായിരുന്നതിനാലാണ് കുടുംബം വാഹനവുമായി വന്നത്.

Advertisement