കുഞ്ഞു കത്തിന് കുഞ്ഞൂഞ്ഞിൻ്റെ മറുപടി;”കുഞ്ഞു ക്ലാസ്സുകാർക്ക് ഇനിമേലിൽ അവധിക്കാല ക്ലാസുകൾ ഉണ്ടാവില്ല”

Advertisement

മുണ്ടക്കയം: ഉമ്മൻ ചാണ്ടി എന്ന ഭരണകർത്താവിൻ്റെ മാനുഷിക മുഖത്തിന്റെ നേർക്കാഴ്ചയാണ് സംസ്ഥാനത്തെ പ്രൈമറി ക്ലാസ്സുകാർ ഇന്ന് വേനൽ അവധിക്കാലത്ത് അനുഭവിക്കുന്നത്. സച്ചിൻ ചാർലി എന്ന നാലാം ക്ലാസുകാരന് 18 വർഷം മുൻപ്
ഉമ്മൻചാണ്ടി ഒപ്പിട്ടു നൽകിയ കത്താണ് അതിന് പിന്നിലെന്ന് എത്ര പേർക്കറിയാം.?

അധ്യാപകവൃത്തിയിൽ നിന്ന് വിരമിച്ച ദമ്പതികളായ
മുണ്ടക്കയം, വലിയപുതുശ്ശേരിയിൽ
ചാർലി കോശിയുടെയും ലീലാമ്മ മാത്യുവിന്റെയും മൂത്തമകനാണ് സച്ചിൻ ചാർലി.
പ്രീ പ്രൈമറി വിദ്യാർത്ഥികൾക്ക് മധ്യവേനൽ അവധിക്കാലത്ത് പ്രത്യേക ക്ലാസുകൾ നടത്തുന്നത് മൂലം കളിക്കുവാൻ പറ്റുന്നില്ല എന്ന് കാട്ടി സെൻറ് ജോസഫ് സെൻട്രൽ സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്ന സച്ചിൻ ചാർലി 2004- ൽ ഉമ്മൻചാണ്ടിക്ക് നൽകിയ കത്തിന് 20 ദിവസങ്ങൾക്ക് ശേഷം മുഖ്യമന്ത്രിയുടെ മറുപടി ലഭിച്ചു. വിദ്യാലയങ്ങളിലെ മധ്യവേനൽ അവധിക്കാലത്തുള്ള ക്ലാസ്സുകൾ നിർത്താനുള്ള നിർദ്ദേശം നൽകിയതിനൊപ്പം, സച്ചിനും കൂട്ടുകാർക്കും വേനലവധിക്കാലം ഉല്ലാസ ഭരിതമാകട്ടെയെന്ന് ആശംസയും മറുപടി ലഭിച്ചു.

ഉമ്മൻചാണ്ടിയുടെ വിശാലമനസ്കതയ്ക്ക്
ഏറ്റവും വലിയ തെളിവാണ് തീരെ ചെറിയ ഒരു വിദ്യാർത്ഥിയുടെ പരാതിയിൽ പോലും നടപടിയെടുക്കാനുള്ള മനസ്സ്. ഇദ്ദേഹത്തിന്
പകരം വെക്കുവാൻ മറ്റൊരു ഭരണാധികാരി ഇപ്പോഴില്ലെന്ന് ഭാര്യ ഷാരോണിനൊപ്പം യു.കെയിൽ ജോലി ചെയ്യുന്ന സച്ചിൻ ചാർലി പറയുന്നു.
ദൃശ്യമാധ്യമങ്ങളിൽ ദൂരദർശൻ മാത്രമായിരുന്നൂ ഏക വിനോദം. മൊബൈൽ ഫോണോ മറ്റ് ആധുനിക സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. കൂട്ടുകാരുമൊത്ത് മുറ്റത്തും തൊടിയിലും കളികളിൽ ഏർപ്പെടുകയായിരുന്നു അന്നത്തെ പ്രധാന വിനോദം. കൂടാതെ അമ്മമാരുടെ വീടുകളിൽ പോയി അവധികാലം ചിലവഴിക്കുക എന്നതുമായിരുന്നു മുഖ്യ ആസ്വാദനം.
തൻ്റെ സുഹൃത്തായ മുതിർന്ന ക്ലാസ്സിൽ പഠിച്ചിരുന്ന അമീറിന് അവധിക്കാലത്ത് സ്പെഷ്യൽ ക്ലാസ് ആരംഭിച്ചതാണ് ഇത്തരമൊരു പരാതി എഴുതുവാൻ സച്ചിനെ പ്രേരിപ്പിച്ചത്. പ്രത്യേക ക്ലാസും
മറ്റ് കലാ കായിക പരിശീലനവും മൂലം കൂട്ടുകാരുമൊത്തുള്ള കളികൾ ഒഴിവാക്കപ്പെടുന്നതായി കാട്ടി 2005 ലാണ് സച്ചിൻ സ്വന്തം കൈപ്പടയിൽ മുഖ്യമന്ത്രിക്ക് കത്തെഴുതിയത്. മുഖ്യമന്ത്രി ഒപ്പിട്ടു തൻറെ പേരിൽ ലഭിച്ച കത്ത് ഇന്നും ഒരു അമൂല്യ നിധി പോലെ സച്ചിൻ സൂക്ഷിക്കുന്നു. അന്ന് കത്തിന് വലിയ പ്രാധാന്യം കൽപ്പിച്ചിരുന്നില്ല എങ്കിലും പിന്നീട് അതിൻറെ പ്രാധാന്യം മനസ്സിലാക്കാൻ സച്ചിന് കഴിഞ്ഞു.

Advertisement