സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യത,എട്ട് ജില്ലകളിൽ യല്ലോ അലർട്ട്

Advertisement

കാലവർഷം കനക്കും.സംസ്ഥാനത്ത് വ്യാപകമായി ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. എറണാകുളത്ത് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. എട്ട് ജില്ലകളിൽ യല്ലോ അലർട്ട്. നാളെ മുതൽ മൂന്ന് ദിവസം അതിശക്തമായ മഴക്ക് സാധ്യതയെന്ന് പ്രവചനം. സർക്കാർ സംവിധാനങ്ങളോട് മുന്നൊരുക്കം പൂർത്തിയാക്കാൻ ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശം.

കേരളത്തിന് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന മൺസൂൺ പാത്തി, തെക്കൻ മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ തീരദേശ ന്യുനമർദ്ദ പാത്തി, പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലെ ചക്രവാതചുഴി,മറ്റൊരു ചക്രവാതചുഴി ആൻഡമാൻ കടലിനു മുകളിലും സ്ഥിതി ചെയ്യുന്നു.. ഇവയുടെയെല്ലാം സ്വാധീനമാണ് സംസ്ഥാനത്ത് കാലവർഷം കനക്കാൻ കാരണം. 
എറണാകുളത്ത് ഇന്ന് ഓറഞ്ച് അലർട്ടും 
കൊല്ലം, ആലപ്പുഴ, കോട്ടയം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു. തിരുവനന്തപുരം, വയനാട് ഒഴികെയുള്ള 12 ജില്ലകൾക്ക് നാളെ മഴമുന്നറിയിപ്പ് നൽകി. ഇടുക്കി, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.ചൊവ്വാഴ്ച്ച 9 ജില്ലകൾക്കും
ബുധനാഴ്ച്ച 7 ജില്ലകൾക്കും ഓറഞ്ച് മുന്നറിയിപ്പ് നൽകി. പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിക്കുന്നതിന്റെ ഫലമായി മലയോര/ തീരദേശ മേഖലയിൽ ശക്തമായ മഴക്ക് സാധ്യതയുള്ളതിനാൽ ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശം നൽകി. 
റവന്യൂ, പോലീസ്, അഗ്നിരക്ഷാ സേന, തുടങ്ങി വിവിധ സർക്കാർ സംവിധാനങ്ങളോട് ജാഗ്രത പാലിക്കാനും മുന്നൊരുക്കം പൂർത്തിയാക്കാനും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദേശിച്ചു.കോഴിക്കോട്, മലപ്പുറം, വയനാട്, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി, തൃശ്ശൂർ ജില്ലകളിൽ NDRF സംഘങ്ങളെ നിയോഗിച്ചു.ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള -കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യ ബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.

Advertisement