ഡോ. വന്ദനയെ കൊലപ്പെടുത്തിയത് അതിക്രൂരമായി: പ്രോസിക്യൂഷന്‍

Advertisement

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വെച്ച് കൊലചെയ്യപ്പെട്ട ഡോ. വന്ദനാ ദാസ് കേസില്‍ കുറ്റപത്രത്തിന്മേലുള്ള വാദം കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി പി. എന്‍. വിനോദ് മുമ്പാകെ പൂര്‍ത്തിയായി.
പ്രതിയെ കുറ്റവിമുക്തനാക്കണമെന്നുള്ള പ്രതിഭാഗം ഹര്‍ജിയെ എതിര്‍ത്തു കൊണ്ട് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കല്‍, കൃത്യമായ ഉദ്ദേശത്തോടെയും തയ്യാറെടുപ്പോടെയും പ്രതി നടത്തിയ നിഷ്ഠൂരമായ ആക്രമണമാണ് ഡോ. വന്ദനക്ക് നേരെയുണ്ടായതെന്ന് കോടതിയില്‍ വാദിച്ചു. അതുകൊണ്ടു തന്നെ പ്രതിക്കെതിരെ കൊലപാതകവും, കൊലപാതക ശ്രമവുമുള്‍പ്പെടെയുള്ള വകുപ്പുകള്‍ നിലനില്ക്കുമെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
പ്രതിക്ക് മാനസിക രോഗമുള്ളതായ പ്രതിഭാഗം അഭിഭാഷകന്‍ ആളൂരിന്റെ വാദത്തെ ഖണ്ഡിച്ചു കൊണ്ട്, ഹോസ്പിറ്റലിലെ ഡ്രസിംഗ് റൂമില്‍ മനഃപൂര്‍വ്വമായി ബഹളമുണ്ടാക്കി, ആ ബഹളത്തിനിടയില്‍ കത്രിക കൈക്കലാക്കി പ്രതി കൈകളില്‍ ഒളിപ്പിച്ചുവെച്ചതും, ആക്രമിക്കപ്പെട്ടവരുടെയെല്ലാം ശരീരത്തിലെ പ്രധാന ഭാഗങ്ങളില്‍ പല തവണ മുറിവേല്‍പ്പിച്ചതും പ്രതിയുടെ ക്രൂരമായ ഉദ്ദേശത്തെ വെളിവാക്കുന്നതാണെന്ന് പ്രോസിക്യൂട്ടര്‍ വാദിച്ചു.
വന്ദനയെ കൈകള്‍ പിടിച്ച് ബലമായി ഇരുത്തി ഇരുപത്തിയാറു തവണ നെഞ്ചത്തും മുഖത്തും മറ്റും കുത്തി പരിക്കേല്‍പ്പിച്ചു എന്നത് കൊലപ്പെടുത്തണമെന്നുള്ള ഉദ്ദേശത്തോടെ തന്നെയുള്ള ആക്രമണമായിരുന്നു എന്നത് തെളിയിക്കുന്നതാണെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.
അന്വേഷണ വേളയില്‍ വിവരങ്ങള്‍ പോലീസ് പത്ര മാധ്യമങ്ങളില്‍ നല്കി എന്ന ആരോപണം പ്രതിഭാഗം കോടതിയില്‍ ഉയര്‍ത്തി. എന്നാല്‍ സത്യസന്ധമായ കേസ് അന്വേഷണ വിവരങ്ങള്‍ പത്ര മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്നത് മാധ്യമ ധര്‍മ്മമാണെന്നും അതിനെ വിലക്കാന്‍ സാധിക്കുകയില്ലെന്നും പ്രോസിക്യൂട്ടര്‍ കോടതിയില്‍ വാദിച്ചു. ഹര്‍ജിയില്‍ കോടതി 29ന് വിധി പറയും.
കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ്. ജി. പടിക്കലിനോടൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവരാണ് ഹാജരാകുന്നത്.

Advertisement