വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് കസ്റ്റഡിയിൽ

നിഖില്‍, അബിന്‍
Advertisement

കൊച്ചി:
കായംകുളം വ്യാജ സർട്ടിഫിക്കറ്റ് കേസിൽ രണ്ടാം പ്രതി മുൻ എസ്എഫ്ഐ നേതാവ് അബിൻ സി.രാജ് അറസ്റ്റിൽ. ഇന്നലെ രാത്രി വൈകി വിദേശത്ത് നിന്ന് നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങിയ ഉടനെ ആയിരുന്നു അറസ്റ്റ്. നിഖിൽ തോമസിന് കലിംഗ യൂണിവേഴ്സിറ്റിയുടെ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് സംഘടിപ്പിച്ച് നൽകിയത് അബിൻ ആയിരുന്നു.എസ് എഫ് ഐ മുൻ ഏരിയ പ്രസിഡൻ്റും ജില്ലാ സെക്രട്ടറിയറ്റ് അംഗവുമായിരുന്നു.
വീട്ടിൽ നടന്ന പരിശോധനയിൽ നിഖിൽ തോമസിനെതിരായ
സുപ്രധാന രേഖകൾ പോലീസിന് ലഭിച്ചു.
കലിംഗ യൂണിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റും മാർക്ക് ലിസ്റ്റുകളുമാണ് നിഖിലിൻ്റെ വീട്ടിൽ നിന്ന് കണ്ടെടുത്തത്. സർട്ടിഫിക്കറ്റ് തരപ്പെടുത്തിയ എറണാകുളത്തെ ഏജൻസിയിലെത്തി തെളിവെടുപ്പ് നടത്താനാണ് പോലീസ് നീക്കം. അതേസമയം നിഖിലിന്റെ ഫോൺ കണ്ടെത്താൻ പോലീസിനായിട്ടില്ല.

വ്യാജ ഡിഗ്രി കേസുമായി ബന്ധപ്പെട്ട് ചൊവ്വാഴ്ച നിഖിലിനെ, സർട്ടിഫിക്കറ്റ് ലഭിച്ച എറണാകുളത്തെ ഏജൻസിയിലെത്തിച്ച് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അബിന്‍ സി.രാജും പിടിയിലാകുന്നത്. ഇയാൾ മാലിദ്വീപിലായിരുന്നെന്നാണ് വിവരം.  രണ്ടുലക്ഷം രൂപ നിഖിൽ തോമസിൽ നിന്നും വാങ്ങിയാണ് അബിൻ സി.രാജ് സർട്ടിഫിക്കറ്റ് നൽകിയത്. ഇതിനായി അബിൻ, അമ്മയുടെ ബാങ്ക് അക്കൗണ്ട് വഴിയാണ് പണം സ്വീകരിച്ചത്. എറണാകുളത്തെ ഓറിയോൺ എന്ന എജൻസി വഴിയാണ് സർട്ടിഫിക്കറ്റ് തരപ്പെടുത്തിയത്. വ്യാജ സർട്ടിഫിക്കറ്റ് ഇടപാടിനു പിന്നിൽ കൂടുതൽ ആളുകൾ ഉണ്ടോ എന്നും പൊലീസ്  അന്വേഷിക്കുന്നുണ്ട്. 

Advertisement