എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കാൻ തീരുമാനം

Advertisement

കൊച്ചി.എറണാകുളം- അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്ര ചുമതലയുള്ള ആർച്ച് ബിഷപ്പിനെ നിയമിക്കാൻ സീറോ മലബാർ സഭ സിനഡ് തീരുമാനം. എന്നാൽ ഭൂമിശാസ്ത്രപരമായ വിഭജനം ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. ഏകീകൃതകുർബാന രീതിയിൽ മാറ്റം വരുത്താൻ കഴിയില്ലെന്ന് തന്നെയാണ് നിലപാട്. അതേസമയം എറണാകുളം സെൻറ് മേരിസ് ബസലിക്ക തുറക്കുന്നതിലെ അനിശ്ചിതത്വം തുടരുകയാണ്. സിനഡ് വിശ്വാസികളെ വഞ്ചിക്കുകയായിരുന്നുവെന്ന് വിമതവിഭാഗം കുറ്റപ്പെടുത്തി.

എറണാകുളം അങ്കമാലി അതിരൂപതയുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനാണ് വത്തിക്കാൻ നിർദ്ദേശ പ്രകാരം അടിയന്തിര സിനഡ് സമ്മേളിച്ചത്. എന്നാൽ ഏകീകൃത കുർബാന തർക്കത്തിന് പരിഹാരമാകാതെയാണ് സിനഡ് സമാപിച്ചത്. പേപ്പൽ ഡെലഗേറ്റ് പ്രശ്നപരിഹാരം കാണണമെന്ന് സിനഡ് ആവശ്യപ്പെട്ടു. എറണാകുളം-അങ്കമാലി അതിരൂപതയ്ക്കു സ്വതന്ത്രഭരണച്ചുമതലയുള്ള അതിരൂപതാധ്യക്ഷനെ നിയോഗിക്കും. ഭരണപരമായ കാര്യങ്ങളിലെ വിഭജനം മാത്രമാണ് ഉദ്ദേശിക്കുന്നതെന്നും അതിരൂപത വിഭജനം ഉദ്ദേശിക്കുന്നില്ലെന്നും സിനഡ് വ്യക്തമാക്കി. തീരുമാനം അംഗീകാരത്തിനയായി വത്തിക്കാന് അയച്ചു. എറണാകുളം സെൻറ് മേരിസ് ബസിലിക്ക തുറക്കുമെങ്കിലും ഏകീകൃത കുർബാന മാത്രമേ ഇവിടെ അനുവദിക്കുകയുള്ളൂവെന്നും വ്യക്തമാക്കിയിട്ടുണ്ട്.
ഇത് തെറ്റിക്കുന്നവർക്കെതിരെ കാനോനിക നിയമപ്രകാരം നടപടിയെടുക്കുമെന്നും സിനഡ് മുന്നറിയിപ്പ് നൽകി. അതേസമയം സിനഡ് വിശ്വാസികളെ വഞ്ചിച്ചുവെന്ന് വിമത വിഭാഗം ആരോപിച്ചു തുടർന്ന് സെൻറ് മേരിസ് ബസിലിക്കയ്ക്ക് മുൻപിൽ പ്രതിഷേധസംഗമം സംഘടിപ്പിച്ചു.

മണിപ്പൂർ കലാപത്തിൽ ആശങ്ക രേഖപ്പെടുത്തിയ സിനഡ് രാജ്യത്തെ ക്രൈസ്തവർക്കെതിരെ അക്രമങ്ങൾ വർദ്ധിച്ചുവരുന്നുവെന്നും ന്യൂനപക്ഷങ്ങളെ സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ഉത്തരവാദിത്വമാണെന്നും ഓർമിപ്പിച്ചു.

Advertisement