പണമിരട്ടിപ്പിക്കൽ തട്ടിപ്പ്, റിട്ട. ബാങ്ക് മാനേജരിൽനിന്ന് 60ലക്ഷം തട്ടി: അഭിഭാഷകയും കൂട്ടാളികളും കുടുങ്ങി

Advertisement

തൃശൂർ: ഇന്ത്യൻ കറൻസി നൽകിയാൽ ഇരട്ടി മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് വിരമിച്ച ബാങ്ക് മാനേജരിൽനിന്ന് 60 ലക്ഷം തട്ടിയ കേസിൽ അഭിഭാഷകയുടേയും കൂട്ടുപ്രതികളുടേയും ജാമ്യാപേക്ഷ തള്ളി. തൃശൂർ പരയ്ക്കാട് അരിമ്പൂർ ചെന്നങ്ങാട്ട് ബിജു (40), ഭാര്യയും അഭിഭാഷകയുമായ ലിജി (35), വെങ്കിടങ്ങ് കണ്ണോത്ത് തയ്യിൽ യദുകൃഷ്ണൻ (27), വെങ്കിടങ്ങ് നെല്ലിപ്പറമ്പിൽ ജിതിൻ ബാബു (25), വെങ്കിടങ്ങ് തച്ചപ്പിള്ളി ശ്രീജിത് (22), വാടാനപ്പിള്ളി കുളങ്ങര ഫവാസ് (28), ചാവക്കാട് എടക്കഴിയൂർ നന്ദകുമാർ (26), വെങ്കിടങ്ങ് പാടൂർ പണിക്കവീട്ടിൽ റിജാസ് (28) എന്നീ പ്രതികളുടെ ജാമ്യാപേക്ഷയാണ് തൃശൂർ പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി ജി. ഗിരീഷ് തള്ളിയത്.

പിടിയിലാകാനുള്ള ബിജു മുൻകൂർ ജാമ്യഹർജിയാണ് നൽകിയത്. തുക കൈമാറുന്ന സമയം സഹായികളെ ഉപയോഗിച്ച് പൊലീസാണെന്ന് തെറ്റിദ്ധരിപ്പിച്ചാണ് ഇവർ കൈമാറിയ അമ്പത് ലക്ഷം രൂപ തട്ടിയെടുത്തത്. ഇതിന് മുമ്പ് പത്തുലക്ഷം റിട്ട. ബാങ്ക് മാനേജർ അക്കൗണ്ട് വഴി പ്രതികൾക്ക് ഇട്ടു കൊടുത്തിരുന്നു.

2023 ജനുവരിയിലാണ് സംഭവം നടന്നത്. കേസിലെ ഒന്നാം പ്രതിയും അഭിഭാഷകയുമായ യുവതിയുടെ പഠനകാലത്ത് പഠനത്തിനാവശ്യമായ പണം മുഴുവൻ നൽകിയത് ബാങ്ക് മാനേജരായിരുന്നു. തന്റെ സുഹൃത്ത് ക്ഷേത്രത്തിൽ ജോലി ചെയ്യുന്നുണ്ടെന്നും കാണിക്കയായി ലഭിച്ച ധാരാളം വിദേശകറൻസി ക്ഷേത്രത്തിലുണ്ടെന്നും ഇന്ത്യൻ കറൻസി നൽകിയാൽ ഇരട്ടി മൂല്യമുള്ള വിദേശ കറൻസി നൽകാമെന്ന് സുഹൃത്ത് വാഗ്ദാനം ചെയ്തുവെന്ന് പറഞ്ഞാണ് യുവതി ബാങ്ക് മാനേജറെ വിശ്വസിപ്പിച്ചത്. ഇത് വിശ്വസിച്ച ഇയാൾ പണം നൽകി.

കേസിനാസ്പദമായ സംഭവം ഇങ്ങനെ: തൃശൂരിലെ ഒരു ആരാധനാലയത്തിൽ കാണിക്കയായി വരുന്ന വിദേശ കറൻസികൾ കുറഞ്ഞ മൂല്യമുള്ള ഇന്ത്യൻ കറൻസി രൂപയ്ക്ക് ലഭിക്കുമെന്നും ഇത്തരം ഇടപാടുവഴി വൻ ലാഭം ഉണ്ടാക്കാമെന്നും പരാതിക്കാരനെ യുവതി വിശ്വസിപ്പിച്ചിരുന്നു. ഇത്തരത്തിൽ ഒരു ഇടപാടിനായി ഒന്നരക്കോടി രൂപ നിലവിൽ കൈവശമുണ്ടെന്നും അമ്പത് ലക്ഷം രൂപ നൽകിയാൽ വിദേശ കറൻസികൾ നൽകാമെന്നായിരുന്നു ഇടപാട്. യുവതിയെ മകളെപ്പോലെ കരുതിയ റിട്ട: ബാങ്ക് മാനേജർ ബിസിനസ് ആവശ്യത്തിനെന്ന് പറഞ്ഞ് അദ്ദേഹത്തിന്റെ വിവിധ സുഹൃത്തുക്കളിൽ നിന്നായി അറുപത് ലക്ഷത്തോളം രൂപ തുക സമാഹരിക്കുകയും അതിൽനിന്നും പത്തു ലക്ഷത്തോളം രൂപ പ്രതിയായ ലിജിയുടെ അക്കൗണ്ടിലേക്ക് രണ്ടു തവണയായി നൽകുകുയും ചെയ്തിരുന്നു.

മുൻകൂട്ടി നിശ്ചയിച്ച ഒന്നരകോടി രൂപ മൂല്യം വരുന്ന വിദേശ കറൻസി നൽകാമെന്ന് പറഞ്ഞ് ലിജി പരാതിക്കാരനെ സംഭവ ദിവസം അയ്യന്തോളിലേക്ക് വിളിച്ചുവരുത്തി. വിദേശ കറൻസി ലഭിക്കുന്നതിന് ബാക്കിയുള്ള അമ്പത് ലക്ഷം രൂപ യുവതിയുടെ സുഹൃത്തിന് നേരിട്ട് കൈമാറുന്നതിനായിരുന്നു അത്. തുടർന്ന് ഇവർ കാഞ്ഞാണി പാടം ഭാഗത്തേക്ക് പോയി. പണം കൈമാറുന്നതിനായി പരാതിക്കാരനെ ഒരു പെട്ടി ഓട്ടോറിക്ഷയിൽ കയറ്റി. അവിടെനിന്നും പെട്ടി ഓട്ടോറിക്ഷ അയ്യന്തോൾ കലക്ടറേറ്റിനു പിൻവശം ആളൊഴിഞ്ഞ ഭാഗത്ത് എത്തിയപ്പോൾ മറ്റു പ്രതികൾ ഓടിച്ചുവന്ന കാർ കുറുകെ നിർത്തി. പൊലീസുദ്യോഗസ്ഥരാണെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി. തുടർന്ന് പണമടങ്ങിയ ബാഗ് പരാതിക്കാരനിൽനിന്നും തട്ടിയെടുത്തു. സംഭവശേഷം പണമടങ്ങിയ ബാഗ് പ്രതികൾ പുല്ലഴി പാടത്ത് ഒത്തുചേർന്ന് ഒന്നാം പ്രതിക്ക് കൈമാറി.

പരാതിക്കാരനായ മാനേജർ അഭിഭാഷക കൂടിയായ ഒന്നാം പ്രതിയെ ഫോണിൽ ബന്ധപ്പെട്ടപ്പോൾ അവർ പൊലീസ് ഉദ്യോഗസ്ഥരോട് ഫോണിലൂടെ സംസാരിക്കുകയും അതിനെത്തുടർന്ന് വാഹനം പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയാണെന്നും, വാഹനത്തിൽ നിന്ന് ഇറങ്ങിക്കൊള്ളാനും മാനേജരോട് ഒന്നാം പ്രതി നിർദ്ദേശിക്കുകയായിരുന്നു. തുടർന്ന് കൂട്ടുപ്രതികൾ പണമടങ്ങിയ പെട്ടിയുമായി ഓട്ടോയിൽ കടന്നുകളയുകയായിരുന്നു. പിന്നീടാണ് യുവതി ചതിച്ചതാണെന്ന് മാനേജർക്ക് മനസ്സിലായത്. തുടർന്ന് തൃശൂർ ടൗൺ വെസ്റ്റ് പൊലീസിൽ പരാതി നൽകിയതിനെത്തുടർന്ന് അന്വേഷണം നടത്തുകയായിരുന്നു. അഭിഭാഷകയും സുഹൃത്തും ഭർത്താവും ഓട്ടോ ഡ്രൈവറും പിന്തുടർന്ന കാർ ഡ്രൈവറുമടക്കം 9 പ്രതികളുള്ള കേസിലെ ഒളിവിൽ തുടരുന്ന 2 പ്രതികളൊഴികെ മറ്റെല്ലാ പ്രതികളെയും പൊലീസ് പിടികൂടിയിരുന്നു.

Advertisement