കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കി; പ്രതി പിടിയിൽ

കൊടുവള്ളി: കൊടുവള്ളിയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ പ്രതിയെ പൊലീസ് പിടികൂടി. മുക്കം കുറ്റിപ്പാല രാജീവ് ഗാന്ധി കോളനിയിലെ കരടി ഷെമീർ എന്നറിയപ്പെടുന്ന ഷെമീറി(26)നെയാണു പൊലീസ് സംഘം കണ്ണൂർ റെയിൽവേ സ്റ്റേഷനു സമീപത്തെ സ്വകാര്യ ലോഡ്ജിൽനിന്നു കസ്റ്റഡിയിലെടുത്തത്. സംഭവത്തിൽ കേസ് റജിസ്റ്റർ ചെയ്തതറിഞ്ഞു മൊബൈൽ ഫോൺ സ്വിച്ച് ഓഫ്‌ ചെയ്തു ഒളിവിൽ പോയ പ്രതിയെ പഴുതടച്ച നീക്കത്തിലൂടെയാണ് അന്വേഷണ സംഘം പിടികൂടിയത്.

പിടിയിലായ ഷെമീറിന് ജില്ലയിൽ കഞ്ചാവ് കേസും അടിപിടി കേസും ഉൾപ്പെടെ മറ്റു കേസുകൾ ഉള്ളതായി അന്വേഷണത്തിൽ വ്യക്തമായതായി കൊടുവള്ളി പൊലീസ് പറഞ്ഞു. സുഹൃത്ത് വഴി പരിചയപ്പെട്ട, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു പീഡിപ്പിച്ചതായാണു പരാതി. കൊടുവള്ളി ഇൻസ്‌പെക്ടർ കെ.പ്രജീഷിന്റെ നേതൃത്വത്തിൽ കൊടുവള്ളി എസ്ഐ അനൂപ് അരീക്കര, സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥന്മാരായ ശ്രീജിത്ത്‌, അനൂപ് തറോൽ, സിവിൽ പൊലീസ് ഓഫിസറായ ഷെഫീഖ് നീലിയാനിക്കൽ എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടി അന്വേഷണം നടത്തുന്നത്. താമരശ്ശേരി കോടതിയിൽ ഹാജരാക്കി.

Advertisement