അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങി ജീവിതം ആരംഭിച്ചതായി സൂചന,കേരള പ്രവേശനം ശ്രമകരമെന്ന് അധികൃതര്‍

Advertisement

തിരുവനന്തപുരം. അരിക്കൊമ്പന്‍ പുതിയ ആവാസ വ്യവസ്ഥയോട് ഇണങ്ങി ജീവിതം ആരംഭിച്ചതായി സൂചന. മുത്തുക്കുളിമേഖലയില്‍ ജലശേഖരത്തില്‍ നിന്നും വെള്ളം കുടിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേ സമയം തമിഴ്‌നാട് മയക്കുവെടിവച്ച് പിടിച്ച അരിക്കൊമ്ബന്റെ കേരള പ്രവേശനം ശ്രമകരമാണെന്ന് രണ്ടു സംസ്ഥാനത്തെയും വന്യജീവി വകുപ്പ് അധികൃതര്‍ പറഞ്ഞു.

ഉടന്‍ കേരളംതേടി പുറപ്പെടാന്‍ ആനയുടെ ആരോഗ്യം അനുവദിക്കില്ല. ആരോഗ്യം വീണ്ടെടുക്കുമ്‌ബോഴേക്കും പുതിയ വാസസ്ഥലത്തോട് ഇണങ്ങിച്ചേരാനാണ് സാധ്യത കൂടുതലെന്നും അവര് പറഞ്ഞു.

തിരുവനന്തപുരത്തിനോട് അതിര്‍ത്തി പങ്കിടുന്ന വനമേഖലയായ അപ്പര്‍ കോതയാറില്‌നിന്ന് നെയ്യാര്‍ വന്യജീവി സങ്കേതത്തിലേക്ക് 30 കിലോമീറ്ററോളം ദൂരമാണുള്ളത്. കീഴ്ക്കാംതൂക്കായ മലനിരകള്‍, നിരവധി ജലാശയങ്ങള്‍ എന്നിവ കടന്ന് ആനനിരത്തി എന്ന കേരള- -തമിഴ്‌നാട് വനാതിര്‍ത്തിവരെ സഞ്ചരിച്ചാല്‍ മാത്രമേ അരിക്കൊമ്ബന് പേപ്പാറ റെയ്ഞ്ചിലേക്കോ നെയ്യാര്‍ റെയ്ഞ്ചിലേക്കോ എത്താനാകൂ. പേപ്പാറ വന്യജീവി സങ്കേതത്തിന്റെ അതിര്‍ത്തിയായ പാണ്ടിപ്പത്ത്, ആനനിരത്തി എന്നിവിടങ്ങളിലൂടെയാണ് ആനകള്‍ കേരളത്തിലേക്കും തമിഴ്‌നാട്ടിലേക്കും സഞ്ചരിക്കുന്നത്. അപ്പര്‍ കോതയാര്‍–കേരള അതിര്‍ത്തിയില്‍ ജനവാസമേഖല കുറവാണെന്നതും ഇരു സംസ്ഥാനത്തിനും ആശ്വാസമാണ്.

റേഡിയോ കോളര്‍ സിഗ്‌നലിലൂടെ ആനയുടെ നീക്കങ്ങള്‍ കേരളവും നിരീക്ഷിക്കുന്നുണ്ട്. തേക്കടി വന്യജീവി സങ്കേതത്തിലാണ് കേരളത്തിന്റെ നിരീക്ഷണ സംവിധാനമുള്ളത്. അരിക്കൊമ്ബന്‍ തിരുവനന്തപുരത്തിനോട് അടുത്ത വനമേഖലയിലാണുള്ളതെന്നും നെയ്യാര്‍, പേപ്പാറ പ്രദേശങ്ങളിലേക്ക് വേഗത്തിലെത്തുമെന്നും ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. ഇത് തെറ്റാണെന്നാണ് വന്യജീവിവകുപ്പ് അധികൃതര്‍ പറയുന്നത്.

Advertisement