ചാലിയാറിലടക്കം സ്വർണം തേടുന്നവരെ, അറിയുക, അധികം ആയുസുണ്ടാകില്ല! കാര്യ കാരണ സഹിതം വിവരിച്ച് മുരളി തുമ്മാരുകുടി

മലപ്പുറം: നിലമ്പൂർ ചാലിയാർ പുഴയുടെ മമ്പാട് കടവിൽ സ്വർണം ഖനനം ചെയ്തെടുക്കാൻ ശ്രമമുണ്ടായെന്ന വാർത്ത കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ ഇത്തരത്തിൽ പുഴകളിൽ നിന്നും മറ്റും സ്വ‌‍ർണം ഖനനം ചെയ്തെടുക്കുന്നതിനിടെ അപകടം വിവരിച്ച് മുരളി തുമ്മാരുകുടി രംഗത്തെത്തിയിരിക്കുകയാണ്.

പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ടെന്നും അത്യന്തം അപകടമാണെന്നാണ് അദ്ദേഹം പറയുന്നത്. മെർക്കുറി ഉപയോഗിച്ചുള്ള സ്വർണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണെന്നും ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ ഉണ്ടാകുമെന്നും അധികം ആയുസ്സ് ഉണ്ടാവുകയില്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വിവരിച്ചു.

മുരളി തുമ്മാരുകുടിയുടെ ഫേസ്ബുക്ക് കുറിപ്പ് പൂ‍ർണരൂപത്തിൽ

ചാലിയാറിലെ പുഴയിൽ സ്വർണ്ണം ഖനനം ചെയ്യുന്നവരുടെ ജനറേറ്ററും പന്പുമെല്ലാം പോലീസ് കണ്ടെത്തി എന്ന വാർത്ത എന്നെ അല്പം അതിശയിപ്പിച്ചു. കുറച്ചു പേടിപ്പിക്കുകയും ചെയ്തു.
പുഴയുടെ അടിത്തട്ടും അരികും കുഴിച്ചെടുത്ത് അവിടുത്തെ മണ്ണും മണലും അരിച്ച് അതിലെ സ്വർണ്ണത്തരികൾ മെർക്കുറിയിൽ ലയിപ്പിച്ച് മെർക്കുറി ബാഷ്പീകരിച്ച് സ്വർണ്ണം ശുദ്ധീകരിച്ച് വിൽക്കുന്ന പരിപാടി ഞാൻ കോംഗോയിലും കൊളംബിയയിലും ഒക്കെ കണ്ടിട്ടുണ്ട്.
രണ്ടു കാര്യങ്ങളാണ് ഇതിൽ കുഴപ്പമായിട്ടുള്ളത്.
ഒന്ന് മെർക്കുറി ഉപയോഗിച്ചുള്ള സ്വർണ്ണത്തിന്റെ ശുദ്ധീകരണം ആരോഗ്യത്തിന് ഏറെ ഹാനികരമാണ്. ഈ ജോലി ചെയ്യുന്നവർക്ക് ഏറെ രോഗങ്ങൾ ഉണ്ടാകും, അധികം ആയുസ്സ് ഉണ്ടാവുകയുമില്ല.

ഈ പ്രസ്ഥാനം മിക്കയിടത്തും നിയമവിരുദ്ധമാണ്, അതുകൊണ്ട് തന്നെ ലാഭം കൂടുതൽ ഉണ്ടായിത്തുടങ്ങിയാൽ ക്രിമിനൽ സംഘങ്ങൾ ഇടപെടും, പ്രദേശത്ത് അക്രമങ്ങൾ കൂടും. കൊളംബിയയിൽ സ്വർണ്ണം ഉണ്ടെന്ന് കണ്ടെത്തുന്ന പ്രദേശത്തുള്ളവരെ ഇത്തരം ഗ്യാങ്ങുകൾ പേടിപ്പിച്ച് സ്വന്തം വീടുകളിൽ നിന്നും ഓടിക്കുകയാണ് രീതി !
കേരളത്തെ പറ്റിയുള്ള എൻറെ ഏറ്റവും വലിയ ഒരു പേടി നമ്മുടെ നാട്ടിലുള്ള ചെമ്മണ്ണിലുള്ള സ്വർണ്ണം ലാഭകരമായി വേർതിരിച്ചെടുക്കാൻ പറ്റുന്ന ഒരു സാങ്കേതിക വിദ്യ കണ്ടുപിടിക്കപ്പെടുന്നതാണ്. സാധാരണ ഗതിയിൽ നമ്മുടെ മണ്ണിൽ രത്നമോ, സ്വർണ്ണമോ, എണ്ണയോ, ഗ്യാസോ കണ്ടുപിടിച്ചാൽ സന്തോഷിക്കുകയാണ് വേണ്ടത്. പക്ഷെ ലോകത്ത് ഏറെ മൂല്യമുള്ള വസ്തുക്കൾ ഖനനം ചെയ്‌തെടുക്കുന്ന മിക്കവാറും പ്രദേശങ്ങളിൽ താമസിച്ചിരുന്നവരുടെ ആരോഗ്യം, സ്വത്ത്, ജീവൻ, സ്വാതന്ത്ര്യം ഇതൊക്കെ പൊതുവെ കുറഞ്ഞുവരുന്നതായിട്ടാണ് പഠനങ്ങൾ കാണിക്കുന്നത്. അതുകൊണ്ട് തന്നെ ഇതൊന്നും നമ്മുടെ മണ്ണിൽ ഇല്ലാതിരിക്കുന്നതാണ് നല്ലത്.
നിയമവിരുദ്ധമായി ഖനനം ചെയ്യുന്നവരെ വിരട്ടി ഓടിക്കുന്നത് കൂടാതെ മെർക്കുറി ഉപയോഗിക്കുന്നതിന്റെ ദൂഷ്യഫലങ്ങളെ പറ്റി അല്പം ബോധവൽക്കരിക്കുന്നതും നന്നാകും.ഒരു രാജ്യത്ത് രത്നമോ സ്വർണ്ണമോ കണ്ടുപിടിച്ചാൽ അവിടെ പിന്നെ നടക്കാനിടയുള്ള സംഘർഷ സാധ്യതയെപ്പറ്റി ഐക്യരാഷ്ട്രസഭയുടെ പഠനം ഒന്നാമത്തെ കമന്റിൽ ഉണ്ട്.

Advertisement