കടയ്ക്കലിൽ പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ

കൊല്ലം: കൊല്ലം കടയ്ക്കലിൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പത്താം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവ് പിടിയിൽ. തിരുവനന്തപുരം ചിറയിൻകീഴ് സ്വദേശി സൂരജിനെയാണ് കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

പത്താം ക്ലാസുകാരിയുമായി മാസങ്ങൾക്ക് മുമ്പ് ഇൻസ്റ്റഗ്രാം വഴിയാണ് പ്രതി സൗഹൃദം സ്ഥാപിച്ചത്. വിവാഹ വാഗ്ദാനം നൽകി പ്രതി പെൺകുട്ടിയുമായി അടുപ്പത്തിലാകുകയായിരുന്നു.

രാത്രിയിൽ പെൺകുട്ടിയുടെ കടയ്ക്കലിലെ വീട്ടിലെത്തി പല തവണ സൂരജ് പീഡിപ്പിച്ചതായി പൊലീസ് പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രിയിൽ പെൺകുട്ടിയുടെ വീടിന് സമീപം യുവാവിനെ കണ്ട നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു. പെൺകുട്ടിയോട് കാര്യങ്ങൾ വീട്ടുകാർ ചോദിച്ചറിഞ്ഞപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്.

മാസങ്ങളായി പ്രതി തന്നെ നിരന്തരം പീഡിപ്പിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പൊലീസിന് മൊഴി നൽകി. പട്ടികജാതി പട്ടികവർഗ്ഗ പീഡന നിരോധന നിയമവും പോക്സോ വകുപ്പുകളും ചുമത്തിയാണ് പൊലീസ് യുവാവിനെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു.

Advertisement