ഹയർ സെക്കൻഡറി പ്രവേശനം: സ്കൂൾ വെയ്റ്റേജ് ഒഴിവാക്കിയേക്കും

തിരുവനന്തപുരം: ഏകജാലക സംവിധാനത്തിലൂടെയുള്ള ഹയർ സെക്കൻഡറി പ്രവേശനത്തിനു നൽകുന്ന ‘സ്കൂൾ വെയ്റ്റേജ്’ ഒഴിവാക്കിയേക്കും. 10–ാം ക്ലാസ് പഠിച്ച അതേ സ്കൂളിൽ പ്ലസ് വണിന് അപേക്ഷിക്കുമ്പോഴാണ് ‘സ്കൂൾ വെയ്റ്റേജ്’ ലഭിക്കുക.

ഇത് മെറിറ്റിനെ അട്ടിമറിക്കുമെന്നാണ് ഹയർ സെക്കൻഡറി പ്രവേശനത്തിലെ പ്രശ്നങ്ങൾ പഠിക്കാൻ നിയോഗിച്ച പ്രഫ. വി.കാർത്തികേയൻ നായർ അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ. ഈ വെയ്റ്റേജ് ഒഴിവാക്കാൻ സമിതി ശുപാർശ ചെയ്യുമെന്നാണു സൂചന. എന്നാൽ, അപേക്ഷിക്കുന്ന സ്കൂൾ സ്ഥിതി ചെയ്യുന്ന പഞ്ചായത്തിലെ കുട്ടികൾക്കു നൽകുന്ന പ്രാദേശിക വെയ്റ്റേജ് നിലനിർത്തും. നീന്തൽ അറിയാവുന്നവർക്കു നൽകിയിരുന്ന രണ്ട് മാർക്കിന്റെ വെയ്റ്റേജ് കഴിഞ്ഞ വർഷം ഒഴിവാക്കിയിരുന്നു.

ഹയർ സെക്കൻഡറി ബാച്ചുകളിൽ അധികമായി മാർജിനൽ സീറ്റ് അനുവദിക്കരുതെന്നാണു സമിതി എത്തിയിരിക്കുന്ന നിലപാട്. നിലവിൽ 50 കുട്ടികളാണ് ഒരു ബാച്ചിലെങ്കിലും പ്രവേശനം ആരംഭിച്ച ശേഷം കൂടുതൽ കുട്ടികളെ ഉൾപ്പെടുത്താൻ സർക്കാർ മാർജിനൽ സീറ്റുകൾ അനുവദിക്കാറുണ്ട്. ക്ലാസുകളിലെ സ്ഥലപരിമിതിയിൽ 50 കുട്ടികളിൽ കൂടുന്നത് പഠനനിലവാരത്തെ ബാധിക്കുമെന്നാണു സമിതിയുടെ വിലയിരുത്തൽ.

പത്തനംതിട്ടയിലും ആലപ്പുഴയിലുമടക്കം വേണ്ടത്ര കുട്ടികൾ ഇല്ലാത്ത ബാച്ചുകളുടെ എണ്ണം പരമാവധി കുറയ്ക്കാനും അവ ആവശ്യത്തിനു ബാച്ചില്ലാത്ത മലപ്പുറത്തടക്കം പുനർവിന്യസിക്കാനും സമിതി ശുപാർശ ചെയ്യും.

വിവിധ ഘട്ടങ്ങളിലെ അലോട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഏകജാലക സോഫ്റ്റ്‌വെയർ തയാറാക്കിയ നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ വിദഗ്ധരുമായി ചർച്ച ചെയ്യും. അന്തിമ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കുള്ളിൽ സർക്കാരിനു സമർപ്പിക്കും.

Advertisement