കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ

തിരുവനന്തപുരം : കൈക്കൂലി വാങ്ങുന്നതിനിടെ കൃഷി അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. നിലം നികത്തു ഭൂമി അളന്നു തരം മാറ്റി പുരയിടമാക്കി മാറ്റുന്നതിലേക്ക് അനുകൂല റിപ്പോർട്ട് നൽകുന്നതിനായി 5,000 രൂപ കൈലി വാങ്ങിയ എറണാകുളം ജില്ലയിലെ പുത്തൻവേലിക്കര കൃഷി അസിസ്റ്റന്റ് പ്രജിൽ ഇന്ന് വിജിലൻസിന്റെ പിടിയിലായത്.

എറണാകുളം, പുത്തൻവേലിക്കര സ്വദേശിയും, ഓസ്ട്രേലിയയിൽ ജോലി ചെയ്യുന്ന പരാതിക്കാരന്റെയും, ഭാര്യയുടെയും പേരിൽ പുത്തൻവേലിക്കരയിലുള്ള നിലം നികത്തു ഭൂമി അളന്നുതിട്ടപ്പെടുത്തി പുരയിടമായി മാറ്റുന്നതിലേക്കായി കഴിഞ്ഞവർഷമാണ് അപേക്ഷ സമർപ്പിച്ചത്. നാട്ടിലെത്തിയ പരാതിക്കാരൻ ഇക്കഴിഞ്ഞ ബുധനാഴ്ച പുത്തൻവേലിക്കര ഓഫീസറെ കണ്ടപ്പോൾ അദ്ദേഹം ഭൂമി അളന്നുതിട്ടപ്പെടുത്തുന്നതിനായി കൃഷി അസിസ്റ്റന്റ് പ്രജിനെ ചുമതലപ്പെടുത്തി.

തുടർന്ന് ഇന്നലെ ഭൂമി അളന്നശേഷം പ്രിജിൽ പരാതിക്കാരന്റെ മൊബൈലിലേക്ക് അഞ്ച് കൈവിരൽ ഉയർത്തിയ വാട്സ്ആപ്പ് സന്ദേശം അയക്കുകയുണ്ടായി. ഇതിനെക്കുറിച്ച് വിളിച്ച് ചോദിച്ച പരാതിക്കാരനോട് നിലം നികത്തുഭൂമി പുരയിടമാക്കി മാറ്റുന്നതിലേക്ക് അനുകൂല റിപ്പോർട്ട് നൽകണമെങ്കിൽ 5,000 രൂപ കൈക്കൂലിയായി നൽകണമെന്ന് പറഞ്ഞു.

പരാതിക്കാരൻ ഈ വിവരം വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിൽ വിളിച്ച് അറിയിച്ചു. എറണാകുളം വിജിലൻസ് യൂണിറ്റ് ആസ്ഥാനത്തെ ഇന്റലിജൻസ് വിഭാഗം പൊലീസ് സൂപ്രണ്ട് ഇ.എസ് ബിജുമോൻ പ്രജിലിനെ ട്രാപ്പിൽപ്പെടുത്തുന്നതിന് ഡി.വൈ.എസ്.പി ബാബുക്കുട്ടനെ ചുമതലപ്പെടുത്തി.

തടർന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണി ഒരുക്കി ഇന്ന് രാവിലെ 11 ഓടെ പുത്തൻവേലിക്കര കൃഷി ഓഫീസിന് സമീപത്തുള്ള ബേക്കറിയുടെ സമീപത്ത വെച്ച് പരാതിക്കാരിൽ നിന്നും 5,000 രൂപ കൈക്കൂലി വാങ്ങിയപ്പോൾ പ്രജിലിനെ വിജിലൻസ് സംഘം കൈയോടെ പിടിക്കുകയാണുണ്ടായതെന്ന് വിജിലൻസ് അറിയിച്ചു. അറസ്റ്റ് ചെയ്ത കൃഷി അസിസ്റ്റന്റ് പ്രജിലിനെ ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി.

Advertisement