തില്ലങ്കേരി സംഘത്തെ ജയരാജനെ കൊണ്ടു തന്നെ ‘വെട്ടി’ സിപിഎം; ആകാശിന്റെ പിതാവ് സാക്ഷി

കണ്ണൂർ: പാർട്ടിയെ വെട്ടിലാക്കി വെളിപ്പെടുത്തൽ നടത്തിയ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിയെ സിപിഎം പരസ്യമായി പേരെടുത്തു പറഞ്ഞു തള്ളി. ആകാശിന്റെയും കൂട്ടരുടെയും കണ്ണിലുണ്ണിയായ നേതാവ് പി.ജയരാജനെക്കൊണ്ടു തന്നെ ആ ദൗത്യം പാർട്ടി നടപ്പാക്കി. സംസ്ഥാന സെക്രട്ടറി ജനകീയ പ്രതിരോധ ജാഥയ്ക്കു തുടക്കമിട്ട അതേസമയം തില്ലങ്കേരിയിൽ വിശദീകരണം നടത്തേണ്ടിവന്നതു പാർട്ടി അകപ്പെട്ട പ്രതിസന്ധിയുടെ ആഴം എത്രത്തോളമുണ്ടെന്നു വ്യക്തമാക്കുന്നതായി.

പി.ജയരാജനെ ആരാധനയോടെ കൊണ്ടുനടക്കുന്നവരാണ് ആകാശും കൂട്ടരും. ആകാശും കൂട്ടരുമല്ല തില്ലങ്കേരിയിലെ പാർട്ടിയുടെ മുഖമെന്നും, പ്രദേശത്തെ 37 ബ്രാഞ്ചുകൾക്കു കീഴിലെ 520 അംഗങ്ങളും നേതൃത്വവുമാണ് അതെന്നും പി.ജയരാജൻ പ്രഖ്യാപിച്ചു. ആകാശിന്റെ പിതാവും പാർട്ടി അംഗവുമായ രവീന്ദ്രനെ സദസ്സിൽ മുന്നിലിരുത്തിയായിരുന്നു പി.ജയരാജന്റെ പ്രഖ്യാപനം. ക്വട്ടേഷൻ സംഘത്തിന്റെ ഒരു സഹായവും പാർട്ടിക്കു വേണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

താൻ സെക്രട്ടറിയായിരുന്ന അവസരത്തിൽ തന്നെ ആകാശ് തില്ലങ്കേരിയെ പുറത്താക്കിയിരുന്നു. അതിനു മുൻപ് അദ്ദേഹം ചില കേസുകളിൽപ്പെട്ടിരുന്നു. പാർട്ടിക്ക് അംഗീകരിക്കാനാകാത്ത കേസിൽ ഉൾപ്പെട്ടാൽ നടപടി വരും. ഷുഹൈബ് വധക്കേസുമായി ബന്ധപ്പെട്ട ആളുകളെയെല്ലാം പുറത്താക്കി. ആ സംഭവം പാർട്ടി നേരത്തേ തള്ളിപ്പറഞ്ഞതാണെന്നു ജയരാജൻ പറഞ്ഞു.

പാർട്ടി സംരക്ഷിക്കാത്തതുകൊണ്ടാണ് പലവഴിക്കു സഞ്ചരിക്കേണ്ടി വന്നതെന്ന ആകാശിന്റെ ആരോപണത്തിനും പി.ജയരാജൻ മറുപടി നൽകി. ത്യാഗം സഹിച്ചവരെല്ലാം പാർട്ടിക്കൊപ്പം നിന്നവരാണെന്നും അവരാരും വഴിവിട്ടു സഞ്ചരിച്ചിട്ടില്ലെന്നും ജയരാജൻ ഓർമപ്പെടുത്തി. ഇ.പി.ജയരാജനും താനുമായി പ്രശ്നങ്ങളൊന്നുമില്ലെന്നും പി.ജയരാജൻ പറഞ്ഞു.

ആകാശ് തില്ലങ്കേരിയെ പി.ജയരാജൻ പേരെടുത്തു പറഞ്ഞെങ്കിലും പൊതുയോഗം ഉദ്ഘാടനം ചെയ്ത ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ അതിനു തയാറായില്ല. പാർട്ടിക്കു വെല്ലുവിളി ഉയർത്തിയ ആകാശ് തില്ലങ്കേരിയെയും കൂട്ടരെയും അവരുടെ പ്രിയ നേതാവ് പി.ജയരാജനെക്കൊണ്ടു തന്നെ സിപിഎം തള്ളിപ്പറയിച്ചതോടെ തൽക്കാലം ആശ്വാസമായെങ്കിലും നേതൃത്വത്തിന്റെ ആശങ്ക അവസാനിക്കുന്നില്ല. തില്ലങ്കേരിയിൽ പാർട്ടിയുടെ മുഖം ആകാശ് തില്ലങ്കേരിയും കൂട്ടരുമാണെന്നതുതന്നെ കാരണം. സിപിഎമ്മിന്റെ ഇപ്പോഴത്തെ നിലപാടിനോട് ആകാശും കൂട്ടരും എങ്ങനെ പ്രതികരിക്കുമെന്നാണ് ഇനി അറിയാനുള്ളത്.

Advertisement