ഭാര്യയുടെ പ്രസവത്തിന് ആശുപത്രിയിലെത്തിയ ആദിവാസി യുവാവ് തൂങ്ങി മരിച്ച നിലയിൽ

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിക്ക് സമീപത്തെ മരത്തിൽ ആദിവാസി യുവാവ് തൂങ്ങിമരിച്ച നിലയിൽ. വയനാട് കൽപറ്റ പാറവയൽ കോളനി വിശ്വനാഥൻ (46) ആണ് മരിച്ചത്. ഭാര്യ ബിന്ദുവിനെ പ്രസവത്തിനു പ്രവേശിപ്പിച്ചപ്പോൾ കൂട്ടിരിപ്പുകാരനായി എത്തിയതായിരുന്നു. ആശുപത്രി ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ചു മർദിച്ചതായും തുടർന്ന് ആശുപത്രിയിൽനിന്നു കാണാതായതാണെന്നും ഭാര്യാ മാതാവ് ലീല ആരോപിച്ചു. മരണത്തിൽ അന്വേഷണം വേണമെന്ന് കുടുംബം ആവശ്യപ്പെട്ടു.

ആശുപത്രിയിൽനിന്ന് വിശ്വനാഥൻ പണവും മൊബൈൽഫോണും മോഷ്ടിച്ചെന്ന് സുരക്ഷാ ജീവനക്കാർ ആരോപിച്ചെന്നാണു കുടുംബം പറയുന്നത്. തെറ്റ് ചെയ്തിട്ടില്ലെന്നു പറഞ്ഞിട്ടും വിശ്വനാഥനെ ഇവർ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തു. മോഷണക്കുറ്റം ആരോപിച്ചതിൽ വിശ്വനാഥന് കടുത്ത പ്രയാസമുണ്ടായിരുന്നെന്നും ലീല പറഞ്ഞു. ശനിയാഴ്ച രാവിലെയാണു മരിച്ച നിലയിൽ കണ്ടെത്തിയത്.

Advertisement