റിസോർട്ട് വിവാദം: ഇ.പി.ജയരാജനും പി.ജയരാജനും എതിരെ സിപിഎം അന്വേഷണം

തിരുവനന്തപുരം: എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജനും സംസ്ഥാന കമ്മിറ്റി അംഗം പി.ജയരാജനും എതിരായ ആരോപണങ്ങൾ സിപിഎം അന്വേഷിക്കും. അന്വേഷണ സമിതി അംഗങ്ങളെ ഉടനെ തീരുമാനിക്കും. സംസ്ഥാന സമിതിയിൽ ഇ.പിയും പി.ജയരാജനും തമ്മിൽ വാക്കേറ്റമുണ്ടായി. തനിക്കെതിരെ ഗൂഢാലോചന നടന്നെന്നും വ്യക്തിഹത്യയ്ക്ക് ശ്രമം നടന്നെന്നും ഇ.പി.ജയരാജൻ സമിതിയെ അറിയിച്ചു.

കണ്ണൂർ ജില്ലയിലെ ആയുർവേദ റിസോർട്ടിന്റെ പേരിലാണ് ഇ.പി.ജയരാജനെതിരെ പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ പരാതി ഉന്നയിച്ചത്. പിന്നാലെ, പി.ജയരാജന്‍ അവിഹിതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതികൾ പാർട്ടിക്കു ലഭിച്ചു. ഇ.പി.ജയരാജൻ അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന് അപ്രതീക്ഷിതമായാണ് പി.ജയരാജൻ സംസ്ഥാന കമ്മിറ്റിയിൽ ആരോപണം ഉന്നയിച്ചത്.

പാർട്ടി നേതാക്കൾ തെറ്റായ വഴിക്ക് സഞ്ചരിക്കുന്നത് തടയാനായി അടിയന്തര കടമകൾ എന്ന രേഖ ചർച്ച ചെയ്യുമ്പോഴായിരുന്നു ആരോപണം. പരാതി ഉന്നയിക്കുന്നത് തെളിവുകളുടെ അടിസ്ഥാനത്തിലാണെന്നും അന്വേഷണം വേണമെന്നും ഡിസംബറിൽ ചേർന്ന സംസ്ഥാന കമ്മിറ്റിയിൽ പി.ജയരാജൻ ആവശ്യപ്പെട്ടു. ആരോപണം രേഖാമൂലം എഴുതി നൽകാൻ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ആവശ്യപ്പെട്ടു. തെറ്റു ചെയ്താൽ എത്ര ഉന്നതനായാലും രക്ഷപ്പെടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇ.പി.ജയരാജന്റെ ഭാര്യയും മകനും റിസോർട്ടിന്റെ ഡയറക്ടർ ബോർഡിൽ അംഗമാണെന്ന് പി.ജയരാജൻ ആരോപിച്ചിരുന്നു. റിസോർട്ട് നിർമാണ സമയത്തുതന്നെ ആരോപണം ഉയർന്നിരുന്നതായും പി.ജയരാജൻ ചൂണ്ടിക്കാട്ടി. കേന്ദ്ര കമ്മിറ്റി അംഗവും എൽഡിഎഫ് കൺവീനറുമായ മുതിർന്ന നേതാവിനെതിരെ കണ്ണൂരിലെതന്നെ പ്രമുഖ നേതാവ് ഗുരുതരമായ ആരോപണം ഉന്നയിച്ചത് പാർട്ടിയെ ഞെട്ടിച്ചു. റിസോർട്ട് വിവാദം ഏറെക്കാലം മുൻപേ പാർട്ടി ചർച്ച ചെയ്തു തള്ളിയതാണെങ്കിലും പാർട്ടിയിലെ പടലപ്പിണക്കങ്ങളാണ് വിവാദം സംസ്ഥാന കമ്മിറ്റിയിലെത്തിച്ചത്.

ഏറെ നാളായി പാർട്ടി നേതൃത്വവുമായി അഭിപ്രായ വ്യത്യാസത്തിലായിരുന്നു പി.ജയരാജൻ. കഴിഞ്ഞ സിപിഎം സമ്മേളനത്തിൽ സംസ്ഥാന സെക്രട്ടേറിയറ്റിൽ പി.ജയരാജൻ വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. അദ്ദേഹത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ സ്ഥാനത്തു നിയമിക്കുകയാണ് ചെയ്തത്.

ഏറെ നാളായി ഇ.പി.ജയരാജനും പാർട്ടി പ്രവർത്തനങ്ങളിൽനിന്ന് അവധിയെടുത്ത് മാറി നിൽക്കുകയായിരുന്നു. പാർട്ടി സെക്രട്ടറിയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് അകൽച്ചയ്ക്കു കാരണമെന്നായിരുന്നു വ്യാഖ്യാനം. പി.ജയരാജൻ പരാതി ഉന്നയിച്ചതിനുശേഷമാണ് ഇ.പി പാർട്ടി പരിപാടികളിൽ സജീവമായത്.

Advertisement