എലികളെ ഓടിക്കാൻ സർക്കാർ അനുവദിച്ചത് ഏഴര ലക്ഷം രൂപ

പാലക്കാട്: എലികളും ചിതലും പതിവു തലവേദനയായതോടെ ഇവയെ തുരത്താൻ അച്ചടിവകുപ്പിനു സർക്കാർ വക 7.57 ലക്ഷം രൂപ. കേരള സ്റ്റേറ്റ് വെയർഹൗസിങ് കോർപറേഷനെയാണ് എലിയെയും ചിതലിനെയും ഒതുക്കാനുള്ള നോഡൽ ഏജൻസിയായി തീരുമാനിച്ചിട്ടുള്ളത്. സർക്കാരിന്റെ കലണ്ടർ, ഡെയറി, ഫോമുകൾ തുടങ്ങിയവയെല്ലാം അച്ചടിച്ചു പ്രസിദ്ധീകരിക്കുന്നത് അച്ചടിവകുപ്പാണ്. പതിനൊന്നു സർക്കാർ പ്രസുകളിലും എലിയുടെയും ചിതലിന്റെയും ശല്യം രൂക്ഷമാണ്. ചിലയിടത്തു പാമ്പുകളും ഉണ്ട്.

അച്ചടിച്ച പുസ്തകങ്ങളും രേഖകളും എലിയും ചിതലും തിന്നാൻ തുടങ്ങിയതിനാൽ ലക്ഷങ്ങളുടെ നഷ്ടമാണു വകുപ്പിന് ഉണ്ടായിരിക്കുന്നത്. പ്രാദേശികമായി പല രീതികളും പരീക്ഷിച്ചെങ്കിലും എലി അതിനെയെല്ലാം തോൽപിച്ചു. ചിതലും അങ്ങനെ തന്നെ. തന്റെ മേശപ്പുറത്തുവച്ച രേഖകൾ പോലും കരണ്ടുതിന്നാൻ തുടങ്ങിയതോടെയാണു വകുപ്പിലാകമാനം ‘എലിനശീകരണ’ പദ്ധതി വേണമെന്ന് ആവശ്യപ്പെട്ട് വകുപ്പ് ഡയറക്ടർ എ.ടി.ഷിബു സർക്കാരിനെ സമീപിക്കുന്നത്.

എലിയെ നിയന്ത്രിച്ചില്ലെങ്കിൽ സർക്കാരിന്റെ പല രേഖകളും നഷ്ടമാകുമെന്ന ആശങ്കയും അദ്ദേഹം സർക്കാരിനെ അറിയച്ചതോടെ പ്രത്യേക ഫണ്ട് അനുവദിക്കുകയായിരുന്നു. പ്രകൃതിസൗഹൃദ കീടനാശിനികൾ ഉപയോഗിച്ചുള്ള എലിനശീകരണം സർക്കാർ പ്രസുകളിൽ അടുത്ത ദിവസം ആരംഭിക്കും.

എലി, ചിതൽ, ഉറുമ്പ്, പാറ്റ, മൂട്ട, തേനീച്ച, ഒച്ച്, പാമ്പ് എന്നിങ്ങനെ ശല്യക്കാരായ എല്ലാതരം ജീവികളെയും നിർമാർജനം ചെയ്യാൻ സംസ്ഥാനമാകെ കേരള സംസ്ഥാന വെയർഹൗസിങ് കോർപറേഷന്റെ സേവനം ലഭ്യമാണ്. സർക്കാർ ഏജൻസികൾക്കു മാത്രമല്ല, സ്വകാര്യ സ്ഥാപനങ്ങൾക്കും വീടുകൾക്കും നിശ്ചിത പ്രതിഫലം നൽകിയാൽ സേവനം ലഭിക്കും. പ്രകൃതിസൗഹൃദ വസ്തുക്കൾ‍ ഉപയോഗിച്ചാണ് നിർമാർജനം ചെയ്യുക. വിവരങ്ങൾക്ക്: 0484–2375537, 9188969535.;

Advertisement