ശ്രീദേവി- ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്തു; നൂറിലേറെ പേജുള്ള ചാറ്റുകൾ പരിശോധിക്കും

കൊച്ചി: ഇലന്തൂരിൽ നടന്ന നരബലിയുടെ മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫി ഇരകളെ വലയിലാക്കാൻ ഉപയോഗിച്ച വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് വീണ്ടെടുത്ത് അന്വേഷണ സംഘം. ഇയാളുടെ മൂന്നു വർഷത്തെ ഫെയ്സ്ബുക്ക് ചാറ്റുകളാണ് പൊലീസ് ശേഖരിച്ചിരിക്കുന്നത്. നൂറിലേറെ പേജുകൾ വരുന്ന ചാറ്റുകളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. ഇവ പരിശോധിച്ച് മറ്റാരെങ്കിലും ഇയാളുടെ വലയിൽ കുടുങ്ങിയിരുന്നോ എന്നാണ് അന്വേഷിക്കുന്നത്.

2019 മുതൽ പ്രതി ‘ശ്രീദേവി’ എന്ന പേരിലുണ്ടാക്കിയ ഫെയ്സ്ബുക്ക് അക്കൗണ്ട് ഉപയോഗിച്ചു ചാറ്റ് ചെയ്താണ് ഭഗവൽ സിങ്ങുമായി അടുപ്പമുണ്ടാക്കുന്നതും വലയിലാക്കുന്നതും. ആറാം ക്ലാസ് മാത്രം വിദ്യാഭ്യാസമുള്ളയാളാണ് മുഹമ്മദ് ഷാഫി എന്നാണ് കഴിഞ്ഞ ദിവസം പൊലീസ് വെളിപ്പെടുത്തിയത്. ഇയാൾ നേരിട്ട് അധികം ആളുകളുമായി അടുപ്പം ഉണ്ടാക്കിയിരുന്നില്ല എങ്കിലും ഫെയ്സ്ബുക്കിൽ കൂടി കൂടുതൽ ആളുകളെ പരിചയപ്പെടുകയും ആവശ്യമുള്ളവരുമായി ബന്ധമുണ്ടാക്കുകയും ചെയ്തിരുന്നു എന്നും പൊലീസ് പറയുന്നു.

പ്രതികൾ മറ്റാരെയെങ്കിലും വലയിലാക്കി അപായപ്പെടുത്തിയിട്ടുണ്ടോ എന്ന കാര്യത്തിലും പൊലീസിന് ആശങ്ക ശക്തമാണ്. എറണാകുളം, കോട്ടയം, പത്തനംതിട്ട ജില്ലകളിൽ കഴിഞ്ഞ മൂന്നു വർഷത്തിനിടെ കാണാതായവരെക്കുറിച്ചുള്ള വിവരങ്ങൾ പൊലീസ് ശേഖരിക്കുന്നുണ്ട്. ഇപ്പോഴും വിവരം ലഭിച്ചിട്ടില്ലാത്തവർക്ക് ആർക്കെങ്കിലും പ്രതികളുമായി ബന്ധമുണ്ടായിരുന്നോ എന്ന് അറിയാനാണ് പ്രാഥമിക ഘട്ടത്തിൽ ശ്രമിക്കുക. ഇവരുമായി സ്ഥിരമായി മൊബൈൽ ഫോണിൽ ബന്ധപ്പെട്ടവരെ കുറിച്ചും പൊലീസ് അന്വേഷണം പുരോഗമിക്കുന്നുണ്ട്. ഇവരിൽ ആരെയെങ്കിലും കാണാതായി എന്ന പരാതിയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

Advertisement