കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരന്‍റെ ശമ്പളം പോലെ… ആപ്പ് ഉണ്ട് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ല…. ശമ്പളമുണ്ട് പക്ഷെ പിന്‍വലിക്കാന്‍ പറ്റില്ല… പണിമുടക്കിയ ഫേസ്ബുക്കിന്‌ ട്രോളോട് ട്രോൾ

ഫെയ്‌സ്ബുക്കും ഇന്‍സ്റ്റഗ്രാമും ഇന്നലെ രാത്രി നിശ്ചലമായത് ഒന്നരമണിക്കൂറോളം. രാത്രി 8.45 ന് ശേഷം ഇന്ത്യയില്‍ തനിയെ ലോഗ്ഔട്ടാകുന്ന പ്രശ്നമാണ് ഫെയ്സ്ബുക്ക് നേരിട്ടത്. അക്കൗണ്ട് ഹാക്കായെന്ന് കരുതി പാസ്‍വേര്‍ഡ് മാറ്റാന്‍ ശ്രമിച്ചതടക്കം ആദ്യ നിമിഷങ്ങളില്‍ ആശങ്കയുണ്ടാക്കി. ഇതിനുമുന്‍പും ഫെയ്‌സ്ബുക്ക് നിശ്ചലമായിട്ടുണ്ടെങ്കിലും ഇത്രയധികം സമയം പ്രവര്‍ത്തനരഹിതമാകുന്നത് അപൂര്‍വമാണ്.
ആപ്പുകള്‍ ലോഡ് ചെയ്യാനും സന്ദേശങ്ങള്‍ അയക്കാനും റിഫ്രഷ് ചെയ്യാനും സാധിക്കാത്ത അവസ്ഥയുണ്ടായി. ചിലര്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് ലോഗ് ഔട്ടായി. ഇന്ത്യയിലും ലോകത്തെ പല ഭാഗങ്ങളിലുമുള്ളവരും പ്രശ്‌നം നേരിട്ടു. ഫെയ്‌സ്ബുക്കിനും ഇന്‍സ്റ്റഗ്രാമിനും പിന്നാലെ യൂട്യൂബിനും സമാനമായ പ്രശ്‌നമുണ്ടായി.
യൂസര്‍മാര്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ക്ഷമാപണം നടത്തിക്കൊണ്ട് മെറ്റ രംഗത്തെത്തി.
പിന്നീട് ട്രോള്‍ മഴയാണ് ഫെയ്സ്ബുക്കും മാര്‍ക്ക് സക്കര്‍ബര്‍ഗും നേരിട്ടത്.
ഫെയ്സ്ബുക്കിന് എന്ത് പറ്റിയെന്ന് അന്വേഷിച്ച് ട്വിറ്ററിലേക്ക് ചെന്നവരെ സ്വീകരിച്ച് ഇലോണ്‍ മസ്കും ട്രോളിന്‍റെ ഭാഗമായി. 
‘നിങ്ങളിപ്പോള്‍ ഈ പോസ്റ്റ് വായിക്കുന്നതിന് കാരണം ഞങ്ങളുടെ സെര്‍വര്‍ പ്രവര്‍ത്തിക്കുന്നതിനാലാണ്’ എന്നാണ് ഇലോണ്‍ മസ്ക് എക്സില്‍ കുറിപ്പിട്ടത്. ‘നിങ്ങളൊക്കെ ഇപ്പോഴെന്താ ഇവിടെയെന്ന് ഞങ്ങള്‍ക്കറിയാം’ എന്ന കുറിച്ചാണ് എക്സ് ഔദ്യോഗിക പേജിലൂടെ പെട്ടന്നുള്ള തള്ളികയറ്റത്തെ നേരിട്ടത്. ജാംനഗറില്‍ ആനന്ദ് അംബാനിയുടെ കല്യാണത്തിന് എത്തിയ മാര്‍ക് സക്കര്‍ബര്‍ഗ് ആഘോഷത്തിമിര്‍പ്പിലായതാണ് ഫെയ്സ്ബുക്ക് ഡൗണ്‍ ആകാന്‍ കാരണമെന്നാണ് മറ്റൊരു ട്രോള്‍. സ്വന്തം കച്ചോടം ഇട്ടേച്ച് കല്യാണം കൂടാന്‍ പോയാലുള്ള സ്ഥിതി, അതാണ് മെറ്റയ്ക്ക് സംഭവിച്ചതെന്ന് ഫെയ്സ്ബുക്കിലെ പോസ്റ്റ്. 
കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരന്‍റെ ശമ്പളം പോലെയാണ് ഫെയ്സ്ബുക്ക്. ആപ്പ് ഉണ്ട് ലോഗിന്‍ ചെയ്യാന്‍ പറ്റുന്നില്ല. ശമ്പളമുണ്ട് പക്ഷെ പിന്‍വലിക്കാന്‍ പറ്റില്ല എന്നായിരുന്നു മറ്റൊരാളുടെ അഭിപ്രായം. മുതലാളി കല്യാണത്തിന് വന്നപ്പോ ജോലിക്കാരൊക്കെ നേരത്തെ വീട്ടില്‍ പോയെന്ന് തോനുന്നു. അംബാനി കല്യാണത്തില്‍ പനീര്‍ സബ്ജി കിട്ടാത്തതിന്‍റെ വിഷമമാണ് ഈ കാട്ടിയത്. ആനന്ദ് അംബാനിയുടെ പ്രീവെഡ്ഡിങ് ചിത്രം തുടര്‍ച്ചയായ അപ്ലോഡ് ചെയ്തതിന്‍റെ ക്ഷീണത്തിലാണ് ഇന്‍റസ്റ്റഗ്രാം പണി നിര്‍ത്തിയതെന്നുൾപ്പെടെയുള്ള രസകരമായ ട്രോളുകളും ഉണ്ട്.

Advertisement