കോടിയേരി വിടവാങ്ങുന്നത് അസുഖം കണ്ടെത്തി മൂന്നാം വർഷത്തിൽ

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ വിലാപ യാത്ര തുടരുകയാണ്. അൽപ്പസമയത്തിനകം തലശേരി ടൗൺ ഹാളിൽ പൊതുദർശനത്തിന് വയ്ക്കും. വിലാപ യാത്ര കടന്ന് പോകുന്ന വഴികളിലെല്ലാം തന്നെ വലിയ ജനക്കൂട്ടമാണ് തങ്ങളുടെ പ്രിയ സഖാവിനെ അവസാനമായി ഒരു നോക്ക് കാണാൻ തടിച്ച് കൂടിയിട്ടുള്ളത്.

അസുഖം കണ്ടെത്തി കൃത്യം മൂന്നു വർഷമാകുമ്പോഴാണ് കോടിയേരി ബാലകൃഷ്ണൻ നമ്മെ വിട്ടു പോയിരിക്കുന്നത്. അർബുദങ്ങളിൽ ഏറ്റവും അപകടകാരിയായി കണക്കാക്കുന്ന പാൻക്രിയാറ്റിക് കാൻസറാണ് കോടിയേരിയെ ബാധിച്ചത്.

2019ൽ ഒക്‌ടോബർ മാസത്തിൽ അതുവരെ പ്രമേഹ രോഗം മാത്രമുണ്ടായിരുന്ന കോടിയേരി പതിവ് പരിശോധനയിലാണ് അർബുദ സാദ്ധ്യത ഡോക്‌ടർ കണ്ടെത്തിയത്. ഡോക്‌ടർ രക്തപരിശോധന നിർദ്ദേശിച്ചു. പരിശോധനാ ഫലം വന്നപ്പോൾ രോഗം സ്ഥിരീകരിച്ചു.

തുടർന്ന് അമേരിക്കയിൽ ഉൾപ്പടെ കൊണ്ടുപോയി ചികിത്സിച്ചിരുന്നു. ഒരു ഘട്ടത്തിൽ അസുഖം നിയന്ത്രണവിധേയമായെന്ന് പ്രതീക്ഷിക്കുകയും ചെയ്തിരുന്നു. ഈ സമയത്താണ് കോടിയേരി പാർട്ടി സെക്രട്ടറി സ്ഥാനത്തേക്ക് മടങ്ങിയെത്തിയത്. കോട്ടയം കാരിത്താസ് ആശുപത്രിയിലെ കരളിലെ അർബുദരോഗ വിദഗ്ദ്ധൻ ഡോ. ബോബൻ തോമസിൻറെ ചികിത്സയിലായിരുന്നു കോടിയേരി ബാലകൃഷ്ണൻ. വിദേശത്തും ചെന്നൈയിലുമെല്ലാം ചികിത്സയ്ക്ക് പോയത് ഡോ. ബോബൻ തോമസിൻറെ നിർദ്ദേശാനുസരണമായിരുന്നു.

ഇടക്കാലത്ത് ജീവിതത്തിലേക്ക് ശക്തമായി തിരിച്ചുവരികയാണെന്ന പ്രതീക്ഷ നൽകിയിരുന്നു. ഈ സമയത്ത് കീമോ തെറാപ്പിയുടെ പാർശ്വഫലങ്ങൾ അലട്ടിയിരുന്നെങ്കിലും സദാസമയവും പാർട്ടി പരിപാടികളിൽ കോടിയേരി മുഴുകിയിരുന്നു. രോഗത്തെക്കുറിച്ച് ആലോചിക്കാറില്ലെന്നും, പാർട്ടി കാര്യങ്ങളിൽ വ്യാപൃതനാകുകയാണ് താനെന്നും അദ്ദേഹം പാർട്ടിയിലെ മുതിർന്ന നേതാക്കളോടും അടുപ്പക്കാരോടും പറഞ്ഞിരുന്നു. രോഗം ഉണ്ടെന്ന് കരുതി വിഷമിച്ചിരുന്നിട്ട് എന്തുകാര്യം, അതിനോട് പൊരുതുകയാണ് വേണ്ടത്. എന്ന് മുൻപ് രോഗത്തെ കുറിച്ച്‌ കോടിയേരി പറഞ്ഞിരുന്നു.

അടുത്തകാലത്തായി എകെജി സെൻററിലെ ഫ്ലാറ്റിൽനിന്ന് റോഡിന് എതിർവശത്തുള്ള പാർട്ടി സംസ്ഥാന കമ്മിറ്റി ഓഫീസായ എകെജി സെൻററിലേക്ക് മാത്രമാണ് കോടിയേരി യാത്ര ചെയ്തിരുന്നത്. മറ്റ് ജില്ലകളിൽ പരിപാടികളിൽ പങ്കെടുക്കുന്നതും കമ്മിറ്റി കൂടാൻ പോകുന്നതും അദ്ദേഹം ഒഴിവാക്കിയിരുന്നു.

അർബുദരോഗത്തെ തുടർന്ന് ചികിത്സയിലിരിക്കെ ചെന്നൈ അപ്പോളോ ആശുപത്രിയിൽവെച്ച് ശനിയാഴ്ച രാത്രി എട്ടരയോടെയാണ് കോടിയേരി ബാലകൃഷ്ണൻ അന്തരിച്ചത്. കോടിയേരിയുടെ ഭാര്യ വിനോദിനി, മക്കളായ ബിനോയ്, ബിനീഷ് എന്നിവരും മരണസമയം ആശുപത്രിയിലുണ്ടായിരുന്നു.

കോടിയേരിയുടെ ആരോഗ്യനിലയിൽ ആശങ്ക ഉയർന്നതിനെ തുടർന്ന് യൂറോപ്പിലേക്ക് പോകാനിരുന്ന മുഖ്യമന്ത്രി പിണറായി വിജയൻ യാത്ര റദ്ദാക്കിയിരുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ അടക്കമുള്ള നേതാക്കൾ ചെന്നൈയിലെത്തിയിരുന്നു. എതിരാളികൾക്കുപോലും സ്വീകാര്യനായിരുന്ന കോടിയേരി യാത്രയായത് കേരളത്തിൽ സിപിഎമ്മിനും ഇടതുരാഷ്ട്രീയത്തിനും നികത്താനാകാത്ത നഷ്ടമാണ്.

Advertisement