പാർട്ടിയുടെ വനിതാ പ്രവർത്തകരെ അധിക്ഷേപിച്ചു; ചാനൽ അവതാരകനെതിരെ പോലീസിൽ പരാതി നൽകി ബിജെപി

കൊച്ചി: ബിജെപിയുടെ വനിതാ പ്രവർത്തകരെ ചിയർ ഗേൾസ് എന്ന് വിളിച്ച്‌ അധിക്ഷേപിച്ച ഓൺലൈൻ ചാനൽ അവതാരകൻ രാജേഷ് നാഥനെതിരെ ബിജെപി സംസ്ഥാന വക്താവ് അഡ്വ.ടി.പി. സിന്ധുമോൾ എറണാകുളം ടൗൺ സൗത്ത് പോലീസ് സ്‌റ്റേഷനിൽ പരാതി നല്കി. ഫെയ്‌സ്ബുക്കിലൂടെ വനിതാ പ്രവർത്തകരെ ചിയർ ഗേൾസ് എന്ന് അപമാനിച്ചുകൊണ്ട് സമൂഹത്തിൽ മോശക്കാരായി ചിത്രീകരിക്കുന്നതിന് എതിരെയാണ് പരാതി നല്കിയതെന്ന് സിന്ധുമോൾ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:

എറണാകുളം ടൗൺ സൗത്ത് പോലീസ് സ്‌റ്റേഷനിൽ ഒരു പരാതി നൽകേണ്ടി വന്നു. ബിജെപിയിലെ വനിതാ പ്രവർത്തകർ ‘ചിയർ ഗേൾസ് ‘ആണെന്ന് മഹാനായ രാജേഷ് നാഥ് കണ്ടെത്തിയിരിക്കുന്നു. എന്നാ പിന്നെ ഒരു കേസ് കൊടുത്തേക്കാം… നൂറുകണക്കിന് അമ്മമാരാണ് യാതൊരു സ്ഥാനമാനങ്ങളും മോഹിക്കാതെ ഈ പ്രസ്ഥാനത്തിനുവേണ്ടി പ്രതിബന്ധങ്ങളെ തരണം ചെയ്തു പ്രവർത്തിക്കുന്നത്.

പുരുഷന്മാരുടെ ആജ്ഞാനുവർത്തികളായി ആടിത്തിമർക്കുന്ന ചിയർ ഗേൾസ് ആയിട്ട് എന്നെ ഉൾപ്പെടെയുള്ള ഈ വനിതാ പ്രവർത്തകവൃന്ദത്തെ അപമാനിക്കുകയും അപകീ ർത്തിപ്പെടുത്തുകയും ചെയ്ത ഇയാൾക്കെതിരെ നിയമപരമായി പ്രതികരിച്ചില്ലെങ്കിൽപ്പിന്നെ എന്തു വനിതാ പ്രവർത്തനം….?എന്ത് സംഘടനാ പ്രവർത്തനം….?സോഷ്യൽ മീഡിയയുടെ തണലിലും, തലപ്പത്തുമിരുന്ന് സംഘടനാ പ്രവർത്തനം നടത്തി ബിജെപിയെ വളർത്താൻ നോക്കുന്ന ഇത്തരം കുറെയധികം നാഥന്മാരെ ഞങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്.

ഇത്തരം നാഥൻമാർക്ക് ആദർശം വന്ന് വല്ലാതങ്ങ് നെഞ്ചിൽ നിറയുമ്പോൾ അതിൽ പ്രവർത്തിക്കുന്ന സ്ത്രീകളെയുമൊക്കെ കണ്ടമാനം അങ്ങ് പറഞ്ഞു കളയാം എന്നുള്ള ധാരണ.. അത് ആർക്കുവേണ്ടി കുഴലൂത്ത് നടത്തുന്നതായാലും ഇത്തരത്തിലുള്ള അപമാനം ഞങ്ങൾ വനിതാ പ്രവർത്തകർ വച്ചുപൊറുപ്പിക്കില്ല.

Advertisement