ലണ്ടൻ: ചികിത്സിച്ചു മാറ്റാനാവാത്ത ബോവൽ കാൻസറിനോട് പടവെട്ടുകയായിരുന്നു ബി ബി സി പൊഡ്കാസ്റ്റ് അവതാരക ഡെബോറ ജെയിംസ്. കടുത്തവേദന കടിച്ചമർത്തിയുള്ള ജീവിതത്തിൽ നിന്ന് നിത്യശാന്തിയിലേക്ക് യാത്രയകാൻ തയ്യാറെടുത്തുകൊണ്ട് കുടുംബത്തോടൊപ്പം ഹോസ്പീസ് കെയറിലേക്ക് മാറിയ അവരുടെ ഹൃദയഭേദകമായ കുറിപ്പ് ഇപ്പോൾ വൈറലാവുകയാണ്. മുൻ അദ്ധ്യാപിക കൂടിയായ ഈ 40 കാരിക്ക് ബോവൽ കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത് 2016 ഡിസംബറിലായിരുന്നു. അഞ്ചു വർഷത്തിലധികം ജീവിക്കില്ല എന്നായിരുന്നു അന്ന് പറഞ്ഞത്. ആ കാലാവധി 2021 ഡിസംബറിൽ അവസാനിക്കുകയും ചെയ്തു.

ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടതാണ് തന്റെ അഞ്ചു വർഷത്തെ കാൻസർ ജീവിതത്തിലെ ഏറ്റവും കഠിനമായ കലയളവ് എന്നാണ് അവർ പറയുന്നത്. 14 ഉം 12 ഉം വയസ്സുള്ള രണ്ട് കുട്ടികളുടെ അമ്മകൂടിയാണ് ഇവർ. ”ഇനിയെത്ര കാലം കൂടി ഇവൾക്ക് ബാക്കിയുണ്ടെന്ന് അറിയില്ല”, അവർ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു. ഒരിക്കലും എഴുതരുതെന്ന് ആഗ്രഹിച്ച ഒരു സന്ദേശം എന്ന് പറഞ്ഞ കുറിപ്പിൽ അവർപറയുന്നത് സാധ്യമായതെല്ലാം ചെയ്തു എന്നും പക്ഷെ ശരീരം വഴങ്ങുന്നില്ല എന്നുമാണ്.

സജീവമായ ചികിത്സകൾ ഒക്കെയും അവസാനിപ്പിച്ച് ഇനിയുള്ള നിമിഷങ്ങൾ തന്റെ മക്കളുടെയും ഭർത്താവ് സെബാസ്റ്റ്യന്റെയും കൂടി ജീവിച്ചു തീർക്കാനായി അവർ വീട്ടിലേക്ക് മടങ്ങുകയാണെന്ന് ഈ പോസ്റ്റിലൂടെ അവർ അറിയിച്ചു. ”അവർ ചുറ്റുമുണ്ടാകുമ്പോൾ ഞാൻ വേദന അറിയുന്നില്ല. വേദന മാറ്റാൻ അതിലും മെച്ചപ്പെട്ട ഒരു മരുന്ന് ഇതുവരെ എനിക്ക് കണ്ടെത്താനായിട്ടുമില്ല”, അവർ കുറിക്കുന്നു.

”ചെയ്യാത്തതായിട്ട് ഒന്നുമില്ലെന്ന് ഉറപ്പുണ്ട്. ഇനിയും എത്രനാൾ എനിക്കായി കാലം ബാക്കിവെച്ചിട്ടുണ്ടെന്ന് അറിയില്ല. എനിക്ക് നടക്കാൻ പോലുമാകുന്നില്ല. ദിവസത്തിൽ കൂടുതൽ നേരവും ഞാൻ ഉറങ്ങിത്തീർക്കുകയാണ്. അപ്പോഴും സ്വപ്നങ്ങൾ കാണാൻ മടിക്കാറില്ല” കണ്ണുനീരിന്റെ ഉപ്പു ചേർത്ത വരികൾ അവർ കുറിക്കുന്നു. ലോകത്ത് ഇന്നുവരെ കണ്ടു പിടിക്കപ്പെട്ടിട്ടുള്ള, അർബുദ രോഗത്തിനുള്ള ഒരു മരുന്നിനും തന്നെ സുഖപ്പെടുത്താനായില്ല എന്ന് അവർ പറയുന്നു. ”ഇനിയും ഇങ്ങനെ തുടരാൻ ആർക്കും ആവില്ല”

കഴിഞ്ഞ അഞ്ചു വർഷക്കാലം ഓരോ ക്രിസ്ത്മസ് കടന്നുപോകുമ്പോഴും അത് തന്റെ അവസാനത്തെ ക്രിസ്തുമസ് ആയിരിക്കുമെന്ന വിചാരത്തോടെയാണ് ആഘോഷിച്ചിരുന്നതെന്ന് അവർ പറയുന്നു. തന്റെ നാല്പതാം പിറന്നാൾ താൻ കാണുമെന്ന് കരുതിയില്ല എന്നും അവർ പറയുന്നുണ്ട്. ഇങ്ങനെയൊരു യാത്രാമൊഴി എഴുതേണ്ടി വരുമെന്ന് ജീവിതത്തിൽ ഒരിക്കലും കരുതിയിരുന്നില്ലെന്നും അവർ പറയുന്നു.

വേദനയുടെ നരകത്തിൽ പിടയ്ക്കുമ്പോഴും സ്നേഹത്തിന്റെ കൊച്ചു സ്വർഗങ്ങൾ തനിക്ക് ചുറ്റുമുണ്ടെന്ന് അവർ എഴുതുന്നു. അത് തനിക്ക് ഏറെ പ്രത്യാശ നൽകുന്നു. ചികിത്സിച്ചു മാറ്റാനാകാത്ത കാൻസർ പിടിപെട്ടതോടെ ബോവൽ ബേബി എന്ന പേരിൽ പ്രശസ്തയായ ഇവർ ബോവൽ ബേബി ഫണ്ട് എന്ന പേരിൽ കാൻസർ രോഗികൾക്ക് ചികിത്സാ സഹായം നൽകുന്നതിനായുള്ള ഒരു ഫണ്ട് സമാഹരിക്കുന്നുണ്ട്. തന്റെ ലേഖനങ്ങൾ ഒരിക്കലെങ്കിലും വായിച്ചിട്ടുള്ളവർ, താൻ അവതരിപ്പിച്ച പരിപാടികൾ കേട്ടിട്ടുള്ളവർ, തന്റെ ഇൻസ്റ്റാഗ്രാം ഫോളോ ചെയ്യുന്നവർ തനിക്ക് ഒരു കുപ്പി പാനീയത്തിനുള്ള പണം ബോവൽ ബേബ് ഫണ്ടിൽ ഇട്ടുതരണം എന്നും അവർ അഭ്യർത്ഥിക്കുന്നു, അങ്ങനെയായാൽ തന്റെ കാലശേഷവും കുറച്ചെങ്കിലും കാൻസർ രോഗികൾക്ക് ചെറിയ തോതിലുള്ള ആശ്വാസമാകും അതെന്നും അവർ പറയുന്നുണ്ട്.

”എന്റെ കുടുംബം മുഴുവൻ എന്റെ ചുറ്റിനും ഉണ്ട്. അടുത്ത സൂര്യോദയം കാണുവാൻ കഴിയുമോ എന്നറിയില്ല, ഓരോരോ അടികളായി മുൻപോട്ട് വച്ച് യാത്ര തുടരുകയാണ്. ” അവർ എഴുതി അവസാനിപ്പിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here