മലയാളികൾ ഉൾപ്പെടെ 150 പ്രവാസികളെ അടുത്ത മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്

കുവൈത്ത് സിറ്റി: കുവൈത്തിലെ കോഓപ്പറേറ്റീവ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്ന 150 പ്രവാസികളെ ജൂലൈ മാസത്തോടെ പിരിച്ചുവിടുമെന്ന് റിപ്പോർട്ട്. സൂപ്പർവൈസറി തസ്‍തികകളിൽ ജോലി ചെയ്യുന്നവരെയാണ് ഒഴിവാക്കുന്നത്. സഹകരണ മേഖലയിൽ സ്വദേശിവത്കരണം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം. മലയാളികൾ ഉൾപ്പെടെയുള്ളവർ ഇത്തരം തസ്‍തികകളിൽ ജോലി ചെയ്യുന്നുണ്ട്.

സൂപ്പർവൈസർ, സീനിയർ സൂപ്പർവൈസർ തസ്‍തികകളിൽ പ്രവാസികളെ ഒഴിവാക്കി സ്വദേശിവത്കരണം നടപ്പാക്കാനാണ് തീരുമാനം. കുവൈത്തിലെ സാമൂഹികകാര്യ മന്ത്രാലയം, പബ്ലിക് അതോറിറ്റി ഫോർ മാൻപവർ എന്നിവയുടെ നേതൃത്വത്തിലാണ് ഇതിന് ആവശ്യമായ നടപടികൾ മുന്നോട്ടുപോകുന്നതെന്ന് പ്രാദേശിക ദിനപ്പത്രമായ അൽ ഖബസ് പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. അടുത്തിടെ നടന്ന ബന്ധപ്പെട്ട വകുപ്പുകളിൽ പ്രതിനിധികൾ ഉൾപ്പെട്ട യോഗത്തിൽ സ്വദേശിവത്കരണം വ്യാപിപ്പിക്കുന്നതിനുളള നടപടികൾ സ്വീകരിക്കാൻ ധാരണയായിരുന്നു.

ഓരോ സഹകരണ സ്ഥാപനത്തിൽ നിന്നും ഒഴിവാക്കേണ്ട പ്രവാസികളുടെ പേരുകൾ ഉൾപ്പെടുന്ന പട്ടിക തയ്യാറാക്കിക്കൊണ്ടിരിക്കുയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. രാജ്യത്തെ സ്വദേശികളും പ്രവാസികളും തമ്മിലുള്ള അനുപാതം സന്തുലിതമായി നിലനിർത്തുന്നതിന് ആവശ്യമായ പദ്ധതികൾ സ്വീകരിച്ചുവരികയാണെന്നും സൂപ്പർവൈസറി തസ്‍തികകൾക്ക് ശേഷം മറ്റ് തസ്‍തികകളിലേക്കും സ്വദേശിവത്കരണം ക്രമേണ വ്യാപിപ്പിക്കുമെന്നും അധികൃതർ പറയുന്നു.

Advertisement