ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്തത് വിഎഫ്എക്സ് ഹെലികോപ്ടറില്‍ ഇരുന്ന്

ഗുജറാത്തിലുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ വലിയ മുന്നൊരുക്കങ്ങളായിരുന്നു ബിപോര്‍ജോയ് ചുഴലിക്കാറ്റ് വീശിയടിക്കുന്നതിന് മുന്‍പായി സ്വീകരിച്ചത്. നിരവധി പേരെയാണ് ഇതുമായി ബന്ധപ്പെട്ട് ഒഴിപ്പിക്കേണ്ടി വന്നത്. ചുഴലിക്കാറ്റിനെപ്പറ്റിയുള്ള മുന്നറിയിപ്പുകളുമായി ദേശീയ-പ്രാദേശിക മാധ്യമങ്ങളും രംഗത്തെത്തിയിരുന്നു.
ഇപ്പോഴിതാ വ്യത്യസ്തമായ രീതിയില്‍ ചുഴലിക്കാറ്റ് വാര്‍ത്തകള്‍ അവതരിപ്പിച്ച് ഒരു വാര്‍ത്താ ചാനല്‍ അവതാരക വൈറലായിരിക്കുകയാണ്. വിഎഫ്എക്സ് ഹെലികോപ്ടറില്‍ ഇരുന്നാണ് ഇവര്‍ ചുഴലിക്കാറ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഈ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. കടലിന് മുകളിലൂടെ അവതാരക ഹെലികോപ്ടറില്‍ പറക്കുന്നതും വീഡിയോയിലുണ്ട്. നിരവധി പേരാണ് വീഡിയോയ്ക്ക് കമന്റുമായി എത്തിയത്.
” ഈ ചുഴലിക്കാറ്റില്‍ അവരുടെ ഹെലികോപ്ടറും തകരുമെന്ന് ആരെങ്കിലും ഈ സ്ത്രീയോട് ഒന്ന് പറയൂ?’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘നടുക്കടലില്‍ ഒരു ബോട്ടിലിരുന്ന് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യുന്നതായിരുന്നു ഇതിനെക്കാള്‍ നല്ലത്. അല്ലെങ്കില്‍ നിങ്ങളുടെ സര്‍ക്കാര്‍ സ്വാധീനം ഉപയോഗിച്ച് ഒരു അന്തര്‍വാഹിനി സംഘടിപ്പിക്കൂ. അതിനുള്ളിലിരുന്ന് കടലിന്റെ അടിത്തട്ടിലെ സ്ഥിതി കൂടി റിപ്പോര്‍ട്ട് ചെയ്യാമായിരുന്നു,” എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു.
അതേസമയം സമാനമായ രീതിയില്‍ മറ്റൊരു വീഡിയോയും സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ചര്‍ച്ചയായിരുന്നു. ആഞ്ഞടിക്കുന്ന ചുഴലിക്കാറ്റില്‍ കുടയും പിടിച്ച് നിന്ന് വാര്‍ത്താ റിപ്പോര്‍ട്ട് ചെയ്യുന്ന അവതാരകയുടെ വീഡിയോയായിരുന്നു അത്. കാറ്റില്‍ അവതാരകയുടെ കുട ആടിയുലയുന്നതും വീഡിയോയിലുണ്ട്. സാങ്കേതിക വിദ്യയുടെ സഹായത്തോടെ സ്റ്റുഡിയോയില്‍ നിന്നെടുത്ത ദൃശ്യങ്ങളായിരുന്നു ഇത്. നിരവധി പേരാണ് ഈ വീഡിയോയ്ക്കും കമന്റുകളുമായി എത്തിയത്. ജൂണ്‍ 15നാണ് ബിപോര്‍ ജോയ് ചുഴലിക്കാറ്റ് കരതൊട്ടത്. ഇതിന്റെ ഭാഗമായി ഗുജറാത്ത് തീരത്ത് ശക്തമായ കാറ്റും മഴയും അനുഭവപ്പെട്ടിരുന്നു.

Advertisement