ഇടത്തേ ലൈനില്‍ ഓവര്‍ടേക്കിന് അനുവദിച്ചില്ലെങ്കില്‍ 400 ദിര്‍ഹം പിഴ

അബൂദബി: അബൂദബിയില്‍ ഇടത്തേ ലൈനിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാന്‍ അവസരം കൊടുക്കാത്ത വാഹനങ്ങളുടെ ഡ്രൈവര്‍മാര്‍ക്ക് 400 ദിര്‍ഹം പിഴചുമത്തുമെന്ന് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് ഡയറക്ടറേറ്റിന്‍റെ മുന്നറിയിപ്പ്.പിന്നിലൂടെ വേഗതയില്‍ വരുന്ന വാഹനങ്ങള്‍ക്ക് ഓവര്‍ടേക്ക് ചെയ്യാനായി മുന്നിലുള്ള വാഹനങ്ങള്‍ വലത്തേ ലൈനിലേക്ക് മാറണം.

പിന്നില്‍ വരുന്ന വാഹനങ്ങള്‍ മുന്നില്‍ പോവുന്ന വാഹനങ്ങളോട് അടുക്കുമ്ബോള്‍ ഹോണടിക്കുന്നതും ലൈറ്റ് ഇട്ടുകാണിക്കുന്നതും ആശയക്കുഴപ്പമുണ്ടാക്കുമെന്നും ഇത് അപകടങ്ങള്‍ക്ക് വഴിവെക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നല്‍കി.വേഗത കുറച്ചുപോവുന്ന വാഹനങ്ങള്‍ വലത്തേ ലൈനുകളിലൂടെയാണ് സഞ്ചരിക്കേണ്ടത്.

പിന്നിലൂടെ വരുന്ന വാഹനങ്ങള്‍ക്ക് കയറിപ്പോവുന്നതിന് മുന്‍ഗണന നല്‍കാത്ത ഡ്രൈവര്‍മാര്‍ക്ക് പിഴചുമത്തുമെന്ന് ഡയറക്ടറേറ്റ് വ്യക്തമാക്കി.ഇതരവാഹനങ്ങളുമായി സുരക്ഷിതമായ അകലം പാലിക്കാത്ത നിയമലംഘനമാണ് കൂടുതലായും വാഹനാപകടങ്ങള്‍ക്ക് കാരണമാവുന്നതെന്ന് ഡയറക്ടറേറ്റ് ചൂണ്ടിക്കാട്ടി.

ഇത്തരം സാഹചര്യങ്ങളില്‍ അപകടമുണ്ടാക്കുന്ന വാഹനം പിടിച്ചെടുക്കും.ഡ്രൈവര്‍ക്ക് 400 ദിര്‍ഹം പിഴയും ലൈസന്‍സില്‍ നാല് ബ്ലാക്ക് പോയന്‍റ് ചുമത്തുകയും ചെയ്യും.5000 ദിര്‍ഹം പിഴ കെട്ടിയാലേ വാഹനം വിട്ടുനല്‍കൂ.മൂന്നു മാസത്തിനുള്ളില്‍ പണം കെട്ടിയില്ലെങ്കില്‍ വാഹനം ലേലം ചെയ്യും.

Advertisement