‘ആര് ആരെയാണ് സംരക്ഷിക്കുന്നതെന്ന വ്യക്തം’, ഹരീഷ് സാൽവെയുടെ വിവാഹത്തിൽ ലളിത് മോദി, ആയുധമാക്കി പ്രതിപക്ഷം

ലണ്ടൻ: അറിയപ്പെടുന്ന അഭിഭാഷകനും മുൻ സോളിസിറ്റർ ജനറലുമായിരുന്ന ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹത്തിലെ അതിഥികളിലെ ലളിത് മോദിയുടെ സാന്നിധ്യം ചർച്ചയാക്കി പ്രതിപക്ഷം. ഞായറാഴ്ച നടന്ന വിവാഹത്തിൽ നിത അംബാനി, ലക്ഷ്മി മിത്തൽ, ലളിത് മോദി, ഉജ്ജ്വല റൌത്ത് അടക്കം പ്രമുഖരുടെ വൻ നിരയാണ് പങ്കെടുത്തത്.

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പിനായുള്ള ഉന്നത തല കമ്മിറ്റിയിലെ അംഗമായ ഹരീഷ് സാൽവെയുടെ വിവാഹത്തിലാണ് സാമ്പത്തിക തട്ടിപ്പ് കേസിൽ പ്രതിയായി നാട് വിട്ട ലളിത് മോദി പങ്കെടുത്തത്. ശിവസേന, കോൺഗ്രസ്, എഎപിയുമാണ് കേന്ദ്രത്തിനെതിരെ സാൽവെയുടെ വിവാഹം ആയുധമാക്കിയിട്ടുള്ളത്.

ഇന്ത്യൻ നിയമത്തിൽ നിന്ന് ഒളിച്ചോടിയവർ അടക്കമാണ് സാൽവെയുടെ വിവാഹത്തിൽ പങ്കെടുത്തിരിക്കുന്നത്. ആര് ആരെയാണ് സംരക്ഷിക്കുന്നത് എന്ന കാര്യത്തിൽ ഇപ്പോൾ സംശയത്തിന്റെ കാര്യമില്ലല്ലോയെന്നാണ് ശിവസേന എംപി പ്രിയങ്ക ചതുർവേദി സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചത്.

നിരവ് മോദി, ലളിത് മോദി എന്നിവരെ കള്ളന്മാരെന്ന് വിളിച്ചതിനാണ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയത്. ഇതിനെ കോടതിയിൽ ന്യായീകരിച്ചത് ഹരീഷ് സാൽവെയായിരുന്നു. അടുത്തിടെ മോദി സർക്കാർ രൂപം കൊടുത്ത ഉന്നത തല കമ്മിറ്റിയിലും ഇടം നേടിയ ഹരീഷ് സാൽവെ ലളിത് മോദിയേപ്പോലുള്ള പിടികിട്ടാപ്പുള്ളിക്കൊപ്പമാണ് ആഘോഷിക്കുന്നതെന്നാണ് മഹാരാഷ്ട്ര കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിതേഷ് ഷാ വിമർശിച്ചത്.

പ്രധാനമന്ത്രിയുടെ പേരിലുള്ള കളങ്കമാണ് ചടങ്ങിലെ ലളിത് മോദിയുടെ സാന്നിധ്യമെന്നാണ് എഎപി പ്രതികരിച്ചത്.

സാമ്പത്തിക തിരിമറിയെ തുടർന്ന് ബിസിസിഐയിൽ നിന്ന് 2010 ഐപിഎല്ലിന് ശേഷമാണ് ലളിത് മോദിയെ സസ്പെൻഡ് ചെയ്തത്. 753 കോടി രൂപയുടെ തിരിമറിയാണ് ലളിത് മോദി നടത്തിയത്. 2010 മെയ് മാസമാണ് ലളിത് മോദി ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്. ഇഡി കേസ് ഫയൽ ചെയ്തതിന് പിന്നാലെയായിരുന്നു ഇത്. ഞായറാഴ്ച ലണ്ടനിൽ വച്ചായിരുന്നു ഹരീഷ് സാൽവെയുടെ മൂന്നാം വിവാഹം. അടുത്ത സുഹൃത്തുക്കൾ പങ്കെടുത്ത സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം.

ബ്രിട്ടീഷുകാരിയായ ട്രിനയാണ് വധു. 2020ലാണ് മീനാക്ഷി സാൽവെയുമായി ഹരീഷ് സാൽവെ വിവാഹ മോചനം നേടിയത്. 38 വർഷം നീണ്ട ദാമ്പത്യത്തിന് ശേഷമായിരുന്നു ഇത്. ഈ ബന്ധത്തിൽ സാക്ഷി, സാനിയ എന്നീ രണ്ട് പെൺമക്കളാണ് ഹരീഷ് സാൽവെയ്ക്കുള്ളത്. കുൽഭൂഷൻ ജാദവ് കേസ് അടക്കം രാജ്യത്തെ നിരവധി സുപ്രധാന കേസുകളിൽ സുപ്രീം കോടതിയിൽ ഹാജരായിട്ടുള്ള അഭിഭാഷകൻ കൂടിയാണ് 68കാരനാണ് ഹരീഷ് സാൽവെ. 1999 നവംബർ മുതൽ 2002 നവംബർ വരെ രാജ്യത്തിന്റെ സോളിസിറ്റർ ജനറലായിരുന്നു ഹരീഷ് സാൽവെ. ജനുവരിയിൽ ഇംഗ്ലണ്ടിലെ ക്വീൻസ് കൌൺസെൽ ഫോർ ദി കോർട്ട്സ് ഓഫ് വെയിൽസിലും ഹരീഷ് സാൽവെ നിയമിതനായിരുന്നു.

നാഗ്പൂർ സർവ്വകലാശാലയിൽ നിന്ന് എൽഎൽബി ബിരുദമെടുത്ത ഹരീഷ് സാൽവെ സോളിസിറ്റർ ജനറൽ ആകുന്നതിന് മുൻപ് ഡൽഹി ഹൈക്കോടതിയിലെ അഭിഭാഷകനായിരുന്നു. മീനാക്ഷി സാൽവെയും കരോലിന ബ്രൌസാദുമാണ് ഹരീഷ് സാൽവെയുടെ മുൻ ഭാര്യമാർ. 2020ലാണ് ലണ്ടൻ കേന്ദ്രമായി പ്രവർക്കുന്ന കലാകാരി കരോലിനെ ഹരീഷ് സാൽവെ വിവാഹം ചെയ്തത്

Advertisement