വാഴയിലയിൽ 24 വിഭവങ്ങൾ കൂട്ടി ഓണസദ്യ കഴിച്ച്, ‘ഹാപ്പി ഓണം’ നേർന്ന് ദുബായ് കിരീടാവകാശി

ദുബായ്: മലയാളികളുടെ ദേശീയാഘോഷത്തിന് ദുബായ് കിരീടാവകാശിയുടെ സ്നേഹാശംസകൾ. ദുബായ് എക്‌സിക്യൂട്ടീവ് കൗൺസിൽ ചെയർമാന്‍ കൂ‌ടിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം കേരളത്തിന്റെ വിളവെടുപ്പുത്സവമായ ഓണത്തിന് ഏവർക്കും ആശംസകൾ നേർന്നു. വാഴയിലയിൽ വിളമ്പിയ 24 വിഭവങ്ങളടങ്ങുന്ന പരമ്പരാഗത ഓണസദ്യയുടെ ചിത്രം അദ്ദേഹം ഇന്ന് തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ചു.

നേരത്തേയും മലയാളികളെ ചേർത്തുപിടിച്ചിട്ടുണ്ട് യുഎഇ ഭരണാധികാരികൾ. യുഎഇ പ്രസി‍ഡൻ്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, വൈസ് പ്രസി‍ഡൻ്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം എന്നിവരും ഇന്ത്യക്കാരുടെ എല്ലാ വിശേഷങ്ങൾക്കും ഒപ്പം നിൽക്കുന്നു. ലോകത്ത് മറ്റെങ്ങുമില്ലാത്തവിധം അതിഗംഭീരമായാണ് യുഎഇയിലെ മലയാളികൾ ഓണമാഘോഷിക്കുന്നത്.

പതിവായി ഓണാഘോഷത്തിൽ പങ്കെടുത്ത് ഓണസദ്യ രുചിയോടെ ഉണ്ണുന്ന സ്വദേശി വനിതകൾ പോലും ഉണ്ട്. കൂടാതെ, പാക്കിസ്ഥാൻ, ഫിലിപ്പീൻസ്, ശ്രീലങ്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാൻ, യൂറോപ്പ്, അമേരിക്കൻ, ആഫ്രിക്കൻ പൗരന്മാരും മറ്റും ആഘോഷത്തിൽ പങ്കെടുത്ത് സദ്യ ആസ്വദിക്കുന്നു. വിവിധ മാളുകളിൽ ഓണപ്പുടവ ധരിച്ച് അതിഥികളെ സ്വീകരിക്കുന്നത് മിക്കപ്പോഴും ഫിലിപ്പീനി സുന്ദരിമാരാണ്.

Advertisement