ഭൂമിക്ക് പുറത്ത് ജീവികളുടെ സാന്നിധ്യം തേടി വ്യാഴം ഗ്രഹത്തിലേക്ക് ‘ജ്യൂസ്’ യാത്ര തുടങ്ങി

മനുഷ്യനെ ഏറെയായി വേട്ടയാടുന്ന ചോദ്യമാണ് ഭൂമിക്കു പുറത്തെ ജീവ സാന്നിധ്യം. കഥകൾ പലതു പറഞ്ഞുകേട്ട് തുടങ്ങിയിട്ട് ഏറെയായെങ്കിലും ഇനിയും സ്ഥിരീകരിക്കാനായിട്ടില്ല. അതിനിടെയാണ്, വ്യാഴം ഗ്രഹവും അതിന്റെ ഉപഗ്രഹങ്ങളും ലക്ഷ്യമിട്ട് യൂറോപ്യൻ സ്​പേസ് ഏജൻസിയുടെ ‘ജ്യൂസ്’ (ജൂപിറ്റർ ഐസി മൂൺസ് എക്സ്​േപ്ലാറർ) യാത്ര തിരിക്കുന്നത്. വ്യാഴത്തിൽ ജല സ്രോതസ്സുകളുണ്ടെന്ന് സംശയിക്കുന്ന ഉപഗ്രഹങ്ങളിൽ ജീവന്റെ സാന്നിധ്യം അടുത്തറിയുകയാണ് ലക്ഷ്യം.

വ്യാഴാഴ്ചയാണ് വിക്ഷേപണത്തിന് നേരത്തെ സമയം നിശ്ചയിച്ചിരുന്നതെങ്കിലും കാലാവസ്ഥ വില്ലനായതോടെ നീട്ടുകയായിരുന്നു.

വ്യാഴം ഗ്രഹത്തിന്റെ മഞ്ഞുപുതച്ച ഉപഗ്രഹങ്ങളായ കാലിസ്റ്റോ, യൂറോപ, ഗനീമീഡ് എന്നിവയുടെ സമുദ്രങ്ങൾ ജീവ സാന്നിധ്യത്തെ സഹായിക്കുന്നതാണോ എന്നാകും പ്രധാനമായും ഇവ അന്വേഷിക്കുക. ഇവയുടെ സമുദ്രങ്ങൾക്കടിയിൽ ജീവികളുണ്ടോ എന്നാണ് ശാസ്ത്രജ്ഞർ ഉറ്റുനോക്കുന്നത്. സ്വന്തമായി കാന്തിക വലയമുണ്ടെന്ന് കരുതുന്ന ഗനിമീഡ് ഉപഗ്രഹത്തിന്റെ ഭ്രമണപഥത്തിലെത്താൻ ‘ജ്യൂസ്’ ശ്രമം നടത്തും.

സൂര്യനിൽനിന്ന് ഭൂമിയിൽ പതിക്കുന്നതിന്റെ ചെറിയ അംശം പ്രകാശം മാത്രമാണ് ഭീമൻ ഗ്രഹമായ ‘വ്യാഴ’ത്തിൽ പതിക്കുന്നത്. മഞ്ഞു പുതച്ച സമുദ്രങ്ങൾ ഭൂമിയിലെ ഏറ്റവും ആഴമുള്ള സമുദ്രങ്ങളെക്കാൾ 10 ഇരട്ടിയെങ്കിലും ആഴമുള്ളവയാണ്. എട്ടര വർഷമെടുക്കുന്ന 660 കോടി കിലോമീറ്റർ യാത്രക്കാണ് ‘ജ്യൂസ്’ ഇറങ്ങിയിരിക്കുന്നത്.

Advertisement