നഗ്ന സ്തനങ്ങൾക്കുള്ള നിരോധനം നീക്കി ഇൻസ്റ്റഗ്രാമും ഫെയ്സ്ബുക്കും

Advertisement

സമൂഹ മാധ്യമ ലോകത്ത് ഏറെ വിവാദമുണ്ടാക്കിയ വിഷയത്തിൽ പുതിയ നീക്കവുമായി മെറ്റാ. മെറ്റായുടെ കീഴിലുള്ള ഫെയ്സ്ബുക്കും ഇൻസ്റ്റാഗ്രാമും ട്രാൻസ്‌ജെൻഡർ, നോൺ-ബൈനറി ഉപയോക്താക്കൾക്ക് നഗ്ന സ്തനങ്ങളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്യാൻ അനുമതി നൽകി. എന്നാൽ, സ്ത്രീയായി ജനിച്ചവർക്കും നഗ്ന സ്തനങ്ങൾ പോസ്റ്റ് ചെയ്യാൻ ആഗ്രഹിക്കുന്ന ആക്ടിവിസ്റ്റുകൾക്കും നിയന്ത്രണം തുടരുമെന്നും മെറ്റാ അറിയിച്ചു.

കണ്ടെന്റ് മോഡറേഷനും സെൻസർഷിപ്പ് നയങ്ങൾക്കുമായി മെറ്റായുടെ ‘സുപ്രീം കോടതി’ എന്ന് വിളിക്കുന്ന കമ്പനിയിലെ മേൽനോട്ട ബോർഡാണ് ഇതിന് അനുമതി നൽകിയത്. ട്രാൻസ്‌ജെൻഡറോ അല്ലാത്തവരോ എന്ന് തിരിച്ചറിയുന്ന ഏതൊരാൾക്കും ടോപ്‌ലെസ് ചിത്രങ്ങൾ പോസ്റ്റ് ചെയ്യാം. ഈ നിയമം ഫെയ്സ്ബുക്കിനും ഇൻസ്റ്റഗ്രാമിനും ബാധകമായിരിക്കും.

അതേസമയം പ്രതിഷേധം, പ്രസവം, മുലയൂട്ടൽ തുടങ്ങിയ സന്ദർഭങ്ങളെ അടിസ്ഥാനമാക്കി സ്തനങ്ങളുമായി ബന്ധപ്പെട്ട ഫോട്ടോകൾ നീക്കം ചെയ്യുന്നത് തുടരുമെന്നും ബോർഡ് കൂട്ടിച്ചേർത്തു. ഇത്തരം സന്ദർഭങ്ങളിൽ ഫോട്ടോകൾ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കുമെ‌ന്നാണ് അറിയിച്ചത്. ഈ വിഷയത്തിൽ ബോർഡിന്റെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുന്നുവെന്ന് മെറ്റാ വക്താവും പറഞ്ഞു.

2013-ൽ ‘ഫ്രീ ദി നിപ്പിൾ’ എന്ന ഡോക്യുമെന്ററിയിൽ നിന്നുള്ള ക്ലിപ്പുകൾ ഫെയ്സ്ബുക് നീക്കം ചെയ്തിരുന്നു. എന്നാൽ മൈലി സൈറസ്, റുമർ വില്ലിസ്, കാരാ ഡെലിവിംഗ്നെ, നിക്കോ ടോർട്ടോറെല്ല എന്നിവരുൾപ്പെടെയുള്ള താരങ്ങൾ ഈ സിനിമയെ അനുഗമിക്കുകയും അംഗീകരിക്കുകയും ചെയ്തു രംഗത്തുവന്നിരുന്നു.

ട്രാൻസ്‌ജെൻഡറും നോൺ-ബൈനറിയുമായ അമേരിക്കൻ ദമ്പതികൾ നടത്തുന്ന അക്കൗണ്ടിൽ നിന്നുള്ള നഗ്നസ്തനങ്ങളുടെ രണ്ട് പോസ്റ്റുകൾ ഫെയ്സ്ബുക് നീക്കം ചെയ്തതിന് പിന്നാലെയാണ് മെറ്റാ ബോർഡിന്റെ വിധി. ട്രാൻസ് ഹെൽത്ത് കെയർ വിവരിക്കുന്നതും ശസ്ത്രക്രിയയ്ക്ക് പണം സ്വരൂപിക്കുന്നതുമായ അടിക്കുറിപ്പുകൾക്കൊപ്പം സ്തനങ്ങൾ മറച്ചുകൊണ്ടാണ് ദമ്പതികൾ ടോപ്‌ലെസ് ഫോട്ടോ പോസ്റ്റ് ചെയ്തിരുന്നത്.

പോസ്റ്റുകൾ മറ്റു ഉപയോക്താക്കൾ ഫ്ലാഗുചെയ്‌തു, തുടർന്ന് എഐ സിസ്റ്റം അവലോകനം ചെയ്‌ത് നീക്കംചെയ്‌തു. തീരുമാനത്തിനെതിരെ ദമ്പതികൾ അപ്പീൽ നൽകിയതോടെ മെറ്റ ഒടുവിൽ പോസ്റ്റുകൾ പുനഃസ്ഥാപിക്കുകയും ചെയ്തിരുന്നു. ഇത്തരം സാഹചര്യങ്ങളിൽ നഗ്ന സ്തനങ്ങളുടെ ഫോട്ടോകൾ നീക്കം ചെയ്യാനാവില്ലെന്ന് ബോർഡ് വിലയിരുത്തി തീരുമാനമെടുക്കുകയായിരുന്നു. ഈ സംഭവത്തിനു തൊട്ടുപിന്നാലെയാണ് പുതിയ പരിഷ്കാരവുമായി മെറ്റാ രംഗത്തെത്തിയിരിക്കുന്നത്.

Advertisement