സാരിയുടുത്ത് മാരത്തണിൽ 80 വയസ്സുള്ള മുത്തശ്ശി; വൈറലായി വിഡിയോ

Advertisement

മുംബൈ: 55000 പേർ പങ്കെടുത്തതായിരുന്നു പതിനെട്ടാമത് ടാറ്റ മുംബൈ മാരത്തൺ. കുട്ടികളും, പ്രായമുള്ളവരും, വൈകല്യങ്ങളുള്ളവരും എല്ലാ ഈ മാരത്തണിന്റെ ഭാഗമായി. എന്നാൽ എൺപതു വയസ്സുള്ള ഒരു മുത്തശ്ശിയാണ് ഇത്തവണ മാരത്തണിലെ താരം. മുത്തശ്ശിയുടെ പേരക്കുട്ടി ഡിംപിൾ മേഹ്ത ഫെർണാണ്ടസ് പങ്കുവച്ചതോടെയാണ് വിഡിയോ വൈറലായത്.

ഭാരതി എന്നാണ് ഈ മുത്തശ്ശിയുടെ പേര്. ത്രിവർണ പതാകയും കയ്യിലേന്തി സാരിയിലാണ് മുത്തശ്ശി മാരത്തണിൽ പങ്കെടുത്തത്. 51 മിനിറ്റുകൊണ്ട് 4.2 കിലോമീറ്ററാണ് മുത്തശ്ശി ഓടി എത്തിയത്. ‘ഞായറാഴ്ച നടന്ന ടാറ്റ മാരത്തണിൽ 80കാരിയായ എന്റെ മുത്തശ്ശി പങ്കെടുത്തത് എല്ലാവർക്കും പ്രചോദനമാകട്ടെ.’– എന്ന കുറിപ്പോെടയാണ് വിഡിയോ എത്തിയത്.

മാരത്തണിൽ പങ്കെടുക്കുന്നതിനായി എല്ലാ ദിവസവും പരിശീലനം നടത്താറുണ്ടെന്നും അഞ്ചാം തവണയാണ് മാരത്തണിൽ പങ്കെടുത്തതെന്നും മുത്തശ്ശി പറയുന്നു. എന്തുകൊണ്ടാണ് ത്രിവർണ പതാക കയ്യിലെടുത്തതെന്ന ചോദ്യത്തിന് ഒരു ഇന്ത്യക്കാരിയായതിൽ അഭിമാനമുണ്ടെന്നായിരുന്നു മുത്തശ്ശിയുടെ മറുപടി. യുവാക്കൾ ഇത്തരം മാരത്തണുകളിൽ പങ്കെടുക്കണമെന്നും ആരോഗ്യം സംരക്ഷിക്കാൻ അത് അത്യാവശ്യമാണെന്നും അവർ വ്യക്തമാക്കി.

ആരോഗ്യം നിലനിർത്തുന്നതിൽ ശ്രദ്ധിക്കുന്ന മുത്തശ്ശിയെ പ്രകീര്‍ത്തിച്ചു കൊണ്ടായിരുന്നു വിഡിയോയ്ക്കു താഴെ വന്ന കമന്റുകൾ. ‘വളരെ പ്രചോദനം നൽകുന്നതാണ് ഈ വിഡിയോ. വയസ്സ് വെറും നമ്പർ മാത്രമാണ്. മാരത്തണിൽ അവർ പങ്കെടുക്കുന്നതു കാണുന്നതു തന്നെ മനോഹരമാണ്.’ എന്നായിരുന്നു വിഡിയോയ്ക്കു താഴെ ഒരാൾ കമന്റ് ചെയ്തത്. മുത്തശ്ശി ഒരു താരമാണെന്ന് പലരും കമന്റ് ചെയ്തു.

Advertisement