നീരവ് മോദിയുടെ അപ്പീൽ തള്ളി; ഇന്ത്യയിൽ വിചാരണ നേരിടേണ്ടി വരും

ലണ്ടൻ: വായ്പത്തട്ടിപ്പ് കേസിൽ ലണ്ടനിലെ ജയിലിൽ കഴിയുന്ന വ്യവസായി നീരവ് മോദിക്ക് വീണ്ടും തിരിച്ചടി. ബ്രിട്ടനിൽനിന്ന് നാടുകടത്താനുള്ള വിധിക്കെതിരെ നീരവ് നൽകിയ അപ്പീൽ കോടതി തള്ളി. ഇതോടെ ബ്രിട്ടനിലെ സുപ്രീം കോടതിയെ സമീപിക്കാനുള്ള നീരവിന്റെ നീക്കത്തിനും തിരിച്ചടിയായി.

അപ്പീൽ തള്ളിയതോടെ ഇന്ത്യയിലെത്തി നീരവ് വിചാരണ നേരിടേണ്ടി വരുമെന്ന് എതാണ്ട് ഉറപ്പായി. യുറോപ്പിലെ മനുഷ്യാവകാശ കോടതിയെ സമീപിക്കുക എന്നതു മാത്രമാണ് നീരവിനു മുന്നിൽ ഇനിയുള്ള ഏക മാർഗമെന്നാണ് റിപ്പോർട്ട്.

11,000 കോടിയിലധികം രൂപയുടെ വായ്പാതട്ടിപ്പു കേസിൽ പ്രതിയായ വജ്രവ്യാപാരി നീരവ് മോദി 2018ലാണ് ഇന്ത്യ വിട്ടത്. 2019 മാർച്ചിൽ ലണ്ടനിൽ അറസ്റ്റിലായി. നീരവ് മോദിയെ രാജ്യം വിട്ട സാമ്പത്തിക കുറ്റവാളിയായി 2019 ഡിസംബറിൽ പ്രത്യേക കോടതി പ്രഖ്യാപിച്ചിരുന്നു.

Advertisement